ന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പിനായി 16 ലക്ഷം വോട്ടിങ് യന്ത്രങ്ങൾ നൽകാൻ കമീഷൻ ബുദ്ധിമുട്ടുകയാണെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കമീഷൻ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിനോടൊപ്പം ഇതുമായി ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് യൂനിറ്റിലെ േപപ്പർ സ്ലിപിൽ കൂടി ഇത് രേഖപ്പെടുത്തുന്നതാണ് വിവിപാറ്റ് യന്ത്രങ്ങളുടെ പ്രവർത്തന രീതി.
വിവിപാറ്റ് യന്ത്രങ്ങളുടെ നിർമാണവും വിതരണവും നിരന്തരമായി പരിശോധിച്ച് വരികയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിൽ എല്ലായിടത്തും വിവിപാറ്റ് യന്ത്രങ്ങൾ കൊണ്ടുവരും. ഇതിനായി 16.15 ലക്ഷം യന്ത്രങ്ങൾക്ക് ഒാർഡർ നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതിയിൽ കമീഷൻ വ്യക്തമാക്കിയിരുന്നു. ഇതിനായി പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഒാഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ കരാർ നൽകിയിരുന്നു.
2018 സെപ്തംബറിന് മുമ്പായി മുഴുവൻ ബൂത്തുകളിലേക്കും വേണ്ട വിവിപാറ്റ് യന്ത്രങ്ങൾ കമ്പനികൾ നൽകുമെന്നായിരുന്നു കമീഷൻ അറിയിച്ചത്. എന്നാൽ, 2018 ജൂൺ വരെ കേവലം 22 ശതമാനം യന്ത്രങ്ങൾ മാത്രമാണ് കമ്പനികൾ തെരഞ്ഞെടുപ്പ് കമീഷന് നൽകിയതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.