ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വിദ്വേഷ പ്രചരണം നടത്തി പണം തട്ടിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈകോടതി. അമിത് മൗര്യ എന്ന മാധ്യമപ്രവർത്തകനാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. പൂർവാഞ്ചൽ ട്രക്ക് ഓർണോഴ്സ് അസോസിയേഷൻ ഉപാധ്യക്ഷനിൽ നിന്നും പണം ആവശ്യപ്പെട്ടെന്നും നൽകാത്ത പക്ഷം അദ്ദേഹത്തിനെതിരായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ അധ്യക്ഷനായ ബെഞ്ചാണ് അമിത് മൗര്യക്ക് ജാമ്യം നിഷേധിച്ചത്.
നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ അദ്ദേഹം സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവെന്നും മതപണ്ഡിചർക്കെതിരെ അപകീർത്തിപരാമർശങ്ങൾ നടത്തിയെന്നുമാണ് റിപ്പോർട്ട്. വ്യക്തിപരമായ നേട്ടങ്ങൾക്കായി പത്രപ്രവർത്തനത്തെ ഉപയോഗിക്കുന്നത് മാധ്യമങ്ങളിലുള്ള പൊതുവിശ്വാസം ഇല്ലാതാക്കുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത്തരം പ്രവർത്തികൾ ജനാധിപത്യ തത്വങ്ങളുടെ സത്തയെ തകർക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനാധിപത്യ സമൂഹത്തിൽ വിയോജിപ്പും വിമർശനവും പ്രധാനമാണെന്നും എന്നാൽ എതിർവശത്തുനിൽക്കുന്ന വ്യക്തിയോട് അന്തസ്സും ബഹുമാനവും ഉയർത്തിയാകണം അവ പ്രകടിപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സർക്കാരുമായുള്ള വിയോജിപ്പ് നിയമപരമായ നേരിടുന്നതും അപകീർത്തിപരമായ ഭാഷ പ്രയോഗത്തിലൂടെ നേരിടുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വിദ്വേഷത്തിൻ്റെയും തീക്ഷ്ണമായ ഭാഷയുടെയും ഉപയോഗം സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തും. സെക്യുലർ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നത് കേവലം ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ലെന്നും മറിച്ച് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ധാർമികതയാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.