ലഖ്നോ: വഞ്ചനാക്കേസിൽ പ്രതിയായി വിദേശ യാത്രാനുമതി നിഷേധിക്കപ്പെട്ട സ്ത്രീയുടെ ഹരജിയിൽ യാത്രാനുമതി നൽകി അലഹബാദ് ഹൈകോടതി. ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഉംറ ദൈവത്തിലേക്കുള്ള തീർഥയാത്രയാണെന്ന് ജസ്റ്റിസ് സൗരഭ് ലവാനിയയുടെ ബെഞ്ച് പറഞ്ഞു.
'മുസ്ലിംകളുടെ ഏറ്റവും വിശുദ്ധ സ്ഥലത്തേക്കുള്ള യാത്രയാണ് ഉംറ. ഹജ്ജാണ് മുഖ്യ തീർഥാടനം. രണ്ടാമത്തെ വിശുദ്ധ തീർഥാടനമാണ് ഉംറ. അത് ദൈവത്തിലേക്കുള്ള തീർഥയാത്രയായാണ് കരുതുന്നത്' -ജസ്റ്റിസ് ലവാനിയ ഉത്തരവിൽ പറഞ്ഞു.
റുഖ്സാന ഖാത്തൂൺ എന്ന സ്ത്രീയാണ് പരാതിക്കാരി. വഞ്ചനാക്കേസിൽ പ്രതിയായതിനെ തുടർന്ന് ഇവർക്ക് വിദേശയാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, ഉംറക്ക് അനുമതി നൽകണമെന്ന് കാട്ടി ഇവർ ലഖ്നോവിലെ സി.ബി.ഐ കോടതിയിൽ ഹരജി നൽകിയെങ്കിലും അത് തള്ളി. ഉംറക്കും ഹജ്ജിനും പോകുന്നത് മതപരമായി നിർബന്ധമുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹരജി തള്ളിയത്.
ഈ ഉത്തരവിനെ ചോദ്യംചെയ്താണ് റുഖ്സാന അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് സി.ബി.ഐ കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയായിരുന്നു. രണ്ട് പേരുടെ ആൾജാമ്യവും അഞ്ച് ലക്ഷം രൂപ കെട്ടിവെക്കുകയും വേണമെന്ന് കോടതി നിർദേശിച്ചു. ഉംറ യാത്രക്ക് ആവശ്യമായ സമയം ഉൾപ്പെടെ വിശദമാക്കി സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.