ന്യൂഡൽഹി: കേന്ദ്രസർക്കാർ നിർബന്ധിത അവധിനൽകി ചുമതലയിൽനിന്ന് മാറ്റി നിർത്തിയ സി.ബി.െഎ ഡയറക്ടർ അലോക് വർമക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര വിജിലൻസ് കമീഷൻ സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ട് സമ്മിശ്രം.
വിജിലൻസ് കമീഷെൻറ കണ്ടെത്തൽ നാലുവിധത്തിൽ തരംതിരിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ചില ആരോപണങ്ങൾ ശരിവെക്കുന്നു. മറ്റുചിലത് തള്ളിക്കളയുന്നു. ചിലതിനോട് യോജിപ്പില്ല. വേറെ ചിലത് കൂടുതൽ അന്വേഷിക്കണമെന്നും പറയുന്നു -ചീഫ് ജസ്റ്റിസ് പറഞ്ഞു. വിജിലൻസ് കമീഷെൻറ അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കുറ്റാരോപിതനായ അലോക് വർമയുടെ അഭിഭാഷകന് കോടതി കൈമാറിയിട്ടുണ്ട്.
ഇതിന് തിങ്കളാഴ്ച ഒരു മണിക്കുമുമ്പ് മുദ്രവെച്ച കവറിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിെൻറയും മറുപടിയുടെയും രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാനാണിത്. എന്നാൽ, അലോക് വർമക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനക്ക് റിപ്പോർട്ട് കൊടുത്തില്ല. റിപ്പോർട്ട് കിട്ടണമെന്ന് അസ്താനയുടെ അഭിഭാഷകൻ ശക്തമായി വാദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കേന്ദ്രസർക്കാറിനും അറ്റോണി ജനറൽ മുഖേന റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇതിന്മേൽ പ്രതികരണം അറിയിക്കേണ്ടതില്ല.
അലോക് വർമക്കു പറയാനുള്ളത് മനസ്സിലാക്കിയ വസ്തുതകൾ ഉറപ്പുവരുത്തി ആവശ്യമായത് ചെയ്യാനാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. നിശ്ചിത സമയത്തിനകം മറുപടി നൽകാമെന്ന് അലോക് വർമയുടെ അഭിഭാഷകൻ എഫ്.എസ് നരിമാൻ പറഞ്ഞു.
അഴിമതിക്കേസിൽ അറസ്റ്റിെൻറ വക്കിലെത്തിയ രാകേഷ് അസ്താന തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിെൻറ പശ്ചാത്തലത്തിൽ ചുമതലയിൽനിന്ന് മാറ്റിനിർത്തിയ നടപടി ചോദ്യംചെയ്ത് അലോക് വർമ നൽകിയ ഹരജിയാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.