മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി നിർത്തിയിട്ട സ്കോർപിയോയുടെ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്)യുടെ നിഗമനം. ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ കോവിഡ് പ്രതിരോധ മാസ്കിട്ട നിലയിലാണ് താണെയിലെ രേതി ബന്ദർ കടലിടുക്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ് താമസംവിനാ മൃതദേഹം കാണപ്പെട്ടതെന്നാണ് എ.ടി.എസിന്റെ നിഗമനം. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാൽ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയൊ ചെയ്തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീർക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ് വായിൽ ടവ്വലുകൾ തിരുകിയതെന്നും കരുതുന്നു. ഹിരേന്റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഹിരേനെ കാണാതായ വ്യാഴാഴ്ച രാത്രി 10ന് അദ്ദേഹത്തിന്റെ ഒരു മൊബൈൽ 40 കിലോമീറ്റർ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തിൽവെച്ചും മറ്റൊരു മൊബൈൽ ഇൗ പ്രദേശത്ത് നിന്ന് 10 കിലോമീറ്റർ കൂടി അകലെയുള്ള തുംഗരേശ്വറിൽ വെച്ചുമാണ് പ്രവർത്തനം നിലച്ചത്. ഇത് ഹിരേൻ അതുവഴി പോയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കൊലയാളികൾ ബോധപൂർവ്വം ചെയ്തതാണെന്നും എ.ടി.എസ് സംശയിക്കുന്നു. മൊബൈലുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ താവ്ഡെ എന്നവകാശപ്പെട്ട് ഒരാൾ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ േഫാണിൽ വിളിച്ചിരുന്നു. അയാളെ കാണാൻ പോയ ഹിരേൻ പിന്നെ തിരിച്ചു വന്നില്ല. ഹിരേന്റെ ഭാര്യ വിമല നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതർക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. താനെ പൊലിസിൽ നിന്ന് കേസ് മഹാരാഷ്ട്ര സർക്കാർ എ.ടി.എസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ 25ന് വൈകീട്ടണ് മുകേഷ് അംബാനിയുടെ വീടിനടുത്ത് 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ നമ്പർ പ്ലേറ്റുകളുമായി ഉപേക്ഷിച്ച നിലയിൽ സ്കോർപിയോ കണ്ടെത്തിയത്. സ്കോർപിയോ മൻസുഖ് ഹിരന്റേതാണെന്ന് വ്യക്തമായതോടെ പൊലിസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 17ന് മുംബൈയിലേക്കുള്ള യാത്രമധ്യേ കാറ് കേടുവരികയും െഎരോളി പാലത്തിനടുത്ത് നിറുത്തിടുകയും ചെയ്തതായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മൻസുഖ് ഹിരേൻ മൊഴി നൽകിയത്. വാഹനം കാണാതായതുമായി ബന്ധപ്പെട്ട് ഹിരേൻ നൽകിയ പരാതിയും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്.
കാണാതാകുന്നതിന് തൊട്ടുമുമ്പ്, കേസിൽ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവർത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേൻ കത്തെഴുതിയിരുന്നു. അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.