ന്യൂഡൽഹി: ചെറിയ പാക്കറ്റുകളിലായി വിപണിയിലെത്തുന്ന വെളിച്ചെണ്ണ ഭക്ഷ്യ എണ്ണയായാണോ അതോ ഹെയർ ഓയിലായാണോ കണക്കാക്കേണ്ടത് എന്നത് സംബന്ധിച്ച തർക്കത്തിൽ തീർപ്പ് കൽപ്പിച്ച് സുപ്രീംകോടതി. ഭക്ഷ്യ എണ്ണയുടെയും ഹെയർ ഓയിലിന്‍റെയും നികുതിയിലുള്ള വ്യത്യാസമാണ് ഈയൊരു തർക്കത്തിലേക്ക് നയിച്ചത്. 15 വർഷമായി കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. പാക്കറ്റ് വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായിത്തന്നെ കണക്കാക്കി നികുതി ചുമത്തണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
നിലവിലെ ചരക്കുസേവന നികുതി (ജി.എസ്.ടി) പ്രകാരം ഭക്ഷ്യ എണ്ണക്ക് അഞ്ച് ശതമാനമാണ് നികുതി. എന്നാൽ, ഹെയർ ഓയിൽ ഉൾപ്പെടെ കേശസൗന്ദര്യ വസ്തുക്കൾക്ക് 18 ശതമാനം നികുതിയുണ്ട്. 2017ൽ ജി.എസ്.ടി നിലവിൽ വരുന്നതിനും മുമ്പ് തന്നെ ഈ നികുതി വ്യത്യാസമുണ്ടായിരുന്നു. 2005ലെ കേന്ദ്ര എക്സൈസ് താരിഫ് ആക്ട് ഭേദഗതി പ്രകാരം വെളിച്ചെണ്ണക്ക് എട്ട് ശതമാനമായിരുന്നു നികുതി. അതേസമയം, ഹെയർ ഓയിലിന് 16 ശതമാനം നികുതിയുണ്ടായിരുന്നു. ഇതിനിടെ, 200 മില്ലി ലിറ്ററിൽ താഴെയുള്ള പാക്കറ്റിലെ വെളിച്ചെണ്ണ ഹെയർ ഓയിലായി പരിഗണിക്കുമെന്ന് കാട്ടി 2009ൽ കേന്ദ്ര എക്സൈസ്-കസ്റ്റംസ് ബോഡ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതുവഴി 200 മില്ലിയിൽ താഴെയുള്ള വെളിച്ചെണ്ണ പാക്കറ്റുകൾക്ക് 16 ശതമാനം നികുതി ഈടാക്കി. ഈ ഉത്തരവ് പിന്നീട് 2015ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
വെളിച്ചെണ്ണ ചെറുപാക്കറ്റുകളിലാക്കി വിൽക്കുന്ന മദൻ അഗ്രോ ഇൻഡസ്ട്രീസിന് കേന്ദ്ര എക്സൈസ് വകുപ്പ് 2007ൽ നൽകിയ നോട്ടീസാണ് നിലവിലെ കേസിനാധാരമായ സംഭവം. അഞ്ച് മില്ലി ലിറ്റർ മുതൽ രണ്ട് ലിറ്റർ വരെയുള്ള പാക്കറ്റിലായി ഇവർ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നുണ്ടായിരുന്നു. ചെറുപാക്കറ്റുകളിലെ വെളിച്ചെണ്ണക്ക് ഉയർന്ന നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ മദൻ അഗ്രോ ഇൻഡസ്ട്രീസ് കോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ചെറുപാക്കറ്റുകളിലെ വെളിച്ചെണ്ണയും ഭക്ഷ്യ എണ്ണയായി കാണണമെന്ന വിധി പറഞ്ഞത്. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. വെളിച്ചെണ്ണ ആളുകൾ മുടിയിൽ തേക്കാൻ ഉപയോഗിക്കുന്നു എന്നതുകൊണ്ടുമാത്രം അതിനെ ഹെയർ ഓയിൽ വിഭാഗത്തിൽ കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തികമായോ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ഒരാള്‍ പാചക എണ്ണ ചെറിയ അളവിൽ വാങ്ങിയേക്കാം. അത്തരം എണ്ണയുടെ പാക്കേജിങ്ങിന്‍റെ പേരില്‍ അവയെ ഹെയര്‍ ഓയിലായി തരംതിരിക്കാനാവില്ല. അത് ഹെയര്‍ ഓയിലാണെന്ന ലേബലോ മറ്റെന്തെങ്കിലും സൂചന ഉണ്ടെങ്കില്‍ മാത്രമേ അങ്ങനെ കാണാനാകൂവെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.