ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ മോക്ഡ്രില്ലിന് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിൽ സംസ്ഥാനങ്ങളോട് ഒരുങ്ങിയിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും പ്രിൻസിപ്പൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതിനാണ് ഊന്നൽ നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പനി, ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണം. കോവിഡിനെ കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ആശുപത്രികളിൽ ഏപ്രിൽ 10നും 11നും മോക്ഡ്രിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇപ്പോൾ പടർന്നു പിടിക്കുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.