ലഖ്നോ: യു.പിയിലെ ഒമ്പതിടങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ തിരിച്ചറിയുന്നതിന് പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ബി.ജെ.പി. ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫിസർക്കാണ് ബി.ജെ.പി നേതാവ് അഖിലേഷ് കുമാർ അവാസ്തി ഇതുസംബന്ധിച്ച് കത്ത് നൽകിയത്.
ബുർഖ ധരിച്ചെത്തി യുവതികൾ പല തവണ വോട്ട് രേഖപ്പെടുത്തിയ മുൻകാലസംഭവങ്ങൾ കണക്കിലെടുത്താണ് ബി.ജെ.പിയുടെ നീക്കം. ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്താനെത്തിയവരെ പോളിങ് ഉദ്യോഗസ്ഥർ ഇടപെട്ട് തടയുകയായിരുന്നു. സ്ത്രീകളെ പരിശോധിക്കാനായി ആവശ്യത്തിന് വനിത പൊലീസ് ഉദ്യോഗസ്ഥരെ പോളിങ് ഓഫിസുകളിൽ നിയോഗിക്കണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു. അതിനിടെ പൊലീസ് ഉദ്യോഗസ്ഥർ വോട്ടർമാരുടെ ഐ.ഡി കാർഡുകൾ പരിശോധിക്കുന്ന ചിത്രങ്ങൾ പ്രതിപക്ഷമായ സമാജ്‍വാദി പാർട്ടി പുറത്തുവിട്ടു.
രണ്ട് പൊലീസുകാർ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കാനായി ആവശ്യപ്പെടുന്നതാണ് വിഡിയോയിലുള്ളത്. തെരഞ്ഞെടുപ്പ് കമീഷൻ ഇതിൽ ഇടപെടണമെന്നും സമാജ്‍വാദി പാർട്ടി ആവശ്യപ്പെട്ടു. പൊലീസുകാരുടെ ജോലിയല്ല അത്. റോഡുകൾ അടച്ചിട്ടില്ലെന്നും ഐ.ഡി കാർഡുകൾ പിടിച്ചെടുക്കുന്നില്ലെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പാക്കണമെന്നും പ്രതിപക്ഷം എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
അത്തരം നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കാൺപൂർ പൊലീസ് പോസ്റ്റിന് മറുപടി നൽകി. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന പൊലീസ് തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണത്തിലാണെന്നും മറുപടിയിലുണ്ട്. യു.പിയിലെ കാതെഹരി, കർഹാൽ, മിറാപൂർ, ഗാസിയാബാദ്, മജ്ഹാവൻ, സിസമാവു, ഖെയ്ർ, ഫുൽപുർ, കുന്ദർകി എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഖിലേഷ് യാദവ് അടക്കമുള്ള സിറ്റിങ് എം.എൽ.എമാർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.