റാഞ്ചി (ഝാർഖണ്ഡ്): ബംഗ്ലാദേശിൽനിന്നെത്തിയ മുസ്‍ലിംകൾ ഇന്ത്യയിലെ ഒരാളുടെ വീട് കൈയേറുന്നതായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരസ്യം. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് രൂക്ഷമായ എതിർപ്പുയർന്നപ്പോൾ പരസ്യം പിൻവലിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ വിഡിയോ പരസ്യം ശനിയാഴ്ചയാണ് പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി ഉയർന്നതിനു പിന്നാലെ ബി.ജെ.പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിഡിയോ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
വിഡിയോ പരസ്യം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. അത്യന്തം പ്രകോപനപരമായ രീതിയിലാണ് പരസ്യം ചിത്രീകരിച്ചത്. വീട്ടുകാർ ഭക്ഷണം കഴിക്കുന്നതിനിടെ, മുസ്‍ലിം വംശജർ ഭാണ്ഡക്കെട്ടുമായി ഇന്ത്യക്കാരന്റെ വീട്ടിലേക്ക് പുറത്തുനിന്ന് തള്ളിക്കയറി വരുന്ന രംഗത്തോടെയാണ് വിഡിയോ തുടങ്ങുന്നത്.
ദുർഗന്ധം വഹിച്ചുകൊണ്ടാണ് മുസ്‍ലിംകൾ വരുന്നതെന്ന് സ്ത്രീയുടെ ആംഗ്യം കാണിക്കുന്നു. മുസ്‍ലിം കുട്ടികൾ ഫർണിച്ചറുകൾ വൃത്തികേടാക്കുകയും കിടക്കയിൽ ചാടിമറിയുകയും ചെയ്യുന്നു. സ്ത്രീകൾ പൂർണമായും ഹിജാബും നിഖാബും ധരിച്ച് വീട് ഏറ്റെടുക്കുന്നതായി തോന്നുന്നതായി ദി ന്യൂ അറബ് റിപ്പോർട്ട് ചെയ്ത. വീട് കൈയേറിയ മുസ്‍ലിംകൾ വീട്ടുടമയോട് കയർക്കുന്നതും കുളിമുറി ഉപയോഗിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മുസ്‍ലിം ന്യൂനപക്ഷത്തിനെതിരായ മുൻവിധി നിലനിർത്താൻ വിഡിയോ കാരണമാകുമെന്ന് പറയപ്പെടുന്നു. വിഡിയോ പുറത്തു വന്നതോടെ പ്രതിക്കൂട്ടിലായ ബി.ജെ.പി വ്യാപകമായ വിമർശനത്തിന് വിധേയമായിരിക്കുകയാണ്.
ബി.ജെ.പി പ്രചാരണങ്ങളിൽ ‘ഇസ്‍ലാമോഫോബിയ’ സ്ഥിരമായ വിഷയമാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ മറ്റു സമുദായങ്ങളുടെ മേൽ മുസ്‌ലിം ആധിപത്യത്തിന് കോൺഗ്രസ് സൗകര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രകോപനപരമായ ഒരു ആനിമേഷൻ ചിത്രം ബി.ജെ.പി. പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.