ന്യൂഡൽഹി: ഉത്തർപ്രദേശിന് പിന്നാലെ മധ്യപ്രദേശിലും ഹോട്ടലുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് ഉത്തരവ്. ഉജ്ജയിൻ മുൻസിപ്പൽ കോർപ്പറേഷനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. ഹോട്ടലുടമകളുടെ പേരും മൊബൈൽ നമ്പറും സ്ഥാപനത്തിന് പുറത്ത് പ്രദർശിപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇത് ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് ഉജ്ജയിൻ മേയർ മുകേഷ് തത്വാൽ പറഞ്ഞു. എന്നിട്ടും പേരെഴുതുന്നത് വെകിപ്പിച്ചാൽ പിഴ 5000 രൂപയായി ഉയരും. മധ്യപ്രദേശ് ഷോപ്പ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചാണ് ഉത്തരവെന്നും ഉജ്ജയിൻ മേയർ അറിയിച്ചു.
ഉജ്ജയിൻ ഒരു തീർഥാടക നഗരമാണ്. പ്രാർഥനക്കായാണ് ജനങ്ങൾ ഇവിടെ എത്തുന്നത്. സാധനങ്ങൾ വിൽക്കുന്ന കടകളുടെ ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവർക്ക് അവകാശമുണ്ടെന്ന് ഉജ്ജയിൻ മേയർ പി.ടി.ഐയോട് പ്രതികരിച്ചു.
ഇതിനുള്ള നടപടികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. ഒരേ കളറിലും വലിപ്പത്തിലുമുള്ള നെയിം പ്ലേറ്റുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇത് ഒഴിവാക്കിയിട്ടുണ്ട്. ഉടമകൾ തന്നെ അവരുടെ പേരും മൊബൈൽ നമ്പറും കടകൾക്ക് മുന്നിൽ എഴുതിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ സ്വദേശമാണ് ഉജ്ജയിൻ. മഹാകാൾ ക്ഷേത്രത്തിലൂടെയാണ് നഗരം പ്രശസ്തമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് തീർഥാടകർ എത്താറുണ്ട്. ജൂലൈ 22ന് ആരംഭിക്കുന്ന സാവൻ മാസം ഉജ്ജയിനിലെ വിശേഷ മാസമാണ്.
നേരത്തെ ഉത്തർപ്രദേശും സമാനമായ ഉത്തരവിറക്കിയിരുന്നു. കടകൾക്ക് മുന്നിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു യു.പിയുടേയും ഉത്തരവ്. കൻവാർ യാത്രക്ക് മുന്നോടിയായിട്ടായിരുന്നു യു.പിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.