മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ശിവസേന(യു.ബി.ടി വിഭാഗം)നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാനായി അമിത് ഷാ അടച്ചിട്ട മുറികളിൽ യോഗം ചേരുകയാണെന്നാണ് ഉദ്ധവ് താക്കറെ ആരോപിച്ചത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും മറിച്ച്, സംസ്ഥാനത്തെ കവർച്ചക്കാർക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ളതാണെന്നും ഉദ്ധവ് പറഞ്ഞു.
''നാഗ്പൂർ സന്ദർശനത്തിനിടെ ബി.ജെ.പി നേതാക്കളുമായി അമിത് ഷാ അടച്ചിട്ട മുറികളിൽ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കണമെന്നും ഉദ്ധവ് താക്കറെയും ശരദ് പവാറിനെയും രാഷ്ട്രീയപരമായി തകർക്കണമെന്ന് നിർദേശം നൽകി. ഇത് അടച്ചിട്ട മുറിയിലിരുന്ന് പറയേണ്ട കാര്യമാണോ? ജനങ്ങളുടെ മുമ്പിൽ വെച്ചാണ് അമിത് ഷാ ഇതൊക്കെ പറയേണ്ടത്.''-ഉദ്ധവ് പറഞ്ഞു.
രാഷ്ട്രീയപരമായി തന്നെയും ശരദ് പവാറിനെയും തകർക്കണമെന്ന് പറയുന്നതിന്റെ ലക്ഷ്യം മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള ശിവസേനയെ ബി.ജെ.പി തകർത്തു. എന്നിട്ടും ശിവസേനക്ക് 63 സീറ്റുകൾ നേടാനായി. മഹാരാഷ്ട്രയിൽ ഇത്തവണ മഹായുതി സഖ്യവും മഹാവികാസ് അഘാഡിയും തമ്മിലുള്ള നേർക്കു നേർ പോരാട്ടമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻ.സി.പി(ശരദ്പവാർ പക്ഷം) എന്നീ പാർട്ടികളാണ് മഹാവികാസ് അഘാഷിയിലുള്ളത്. ശിവസേനയും ബി.ജെ.പിയും എൻ.സി.പിയുമാണ് മഹായുതി സഖ്യത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.