ബി.​ജെ.പി ഉള്ളിട​ത്തോളം കാലം മുസ്‍ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ; അത് മറ്റ് പിന്നാക്കക്കാരുടെ അവകാശം കവരും

റാഞ്ചി: ബി.ജെ.പി ഉള്ളിടത്തോളം കാലം മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ അനുവദിക്കി​ല്ലെന്ന് കേന്ദ്ര ആഭ്യന്തരന്ത്രി അമിത് ഷാ. ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. 10 ശതമാനം മുസ്‍ലിംകൾക്ക് നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയും. ദലിത്, ഗോത്ര വർഗ വിഭാഗങ്ങളുടെ സംവരണ പരിധി കുറച്ച് മുസ്‍ലിംകൾക്ക് സംവരണം നൽകാനാണ്കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ ആരോപിച്ചു. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

മഹാരാഷ്ട്രയിലെ ഏതോ പണ്ഡിത സംഘടനകൾ മുസ്‍ലിംകൾക്ക് 10 ശതമാനം സംവരണം നൽകണമെന്ന് ആവശ്യപ്പട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് നി​വേദനം സമർപ്പിച്ചിട്ടുണ്ട്. അവരെ സഹായിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉറപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ ബി.ജെ.പി ഉള്ളിട​ത്തോളം കാലം അത് നടക്കില്ല. ബാബാ സാഹിബ് അംബേദ്കറാണ് ഒ.ബി.സിക്കാര്‍ക്കും ദലിത് വിഭാഗക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സംവരണം ഉറപ്പാക്കിയത്. അതിനെ മാനിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഒ.ബി.സി വിരുദ്ധ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോഴെല്ലാം ആ വിഭാഗക്കാരോട് അനീതി കാട്ടുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

1950ൽ കാക്കാ കലേൽക്കർ കമ്മിറ്റി ഉണ്ടാക്കി എന്നാൽ അതി​ന്റെ റിപ്പോർട്ട് പൂഴ്ത്തി​വെച്ചു. ഒ.ബി.സികൾക്ക് സംവരണം നൽകാൻ മണ്ഡൽ കമ്മീഷൻ വന്നപ്പോൾ ഇന്ദിരാഗാന്ധിയും രാജീവും അത് നടപ്പാക്കാൻ കൂട്ടാക്കിയില്ല. കേന്ദ്ര സ്ഥാപനങ്ങളിൽ ഒ.ബി.സിക്കാർക്ക് 27 ശതമാനം സംവരണം നൽകാൻ അവർ വർഷങ്ങളെടുത്തു. അധികാരത്തിലെത്തിയപ്പോൾ ഒബിസിക്കാർക്ക് 27 ശതമാനം സംവരണം നൽകുകയും പിന്നാക്ക വിഭാഗങ്ങൾക്കായി ദേശീയ കമീഷൻ (എൻ.സി.ബി.സി) രൂപീകരിക്കുകയും ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമിത് ഷാ പുകഴ്ത്തി.

81 അംഗ ഝാർഖണ്ഡ് നിയമസഭയിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.

Tags:    
News Summary - Amit Shah claimed that the BJP will never allow the Congress to implement reservations for minorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.