ന്യൂഡൽഹി: കശ്മീർ പ്രശ്നത്തിന് കാരണം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പിഴവുകൾ ആണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമർശത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചരിത്രം മാറ്റിയെഴുതുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശീലമെന്നും രാഹുൽ വിമർശിച്ചു.
''ഇന്ത്യക്ക് പുതുജീവിതം നൽകിയത് പണ്ഡിറ്റ് നെഹ്റുവാണ്. അദ്ദേഹം വർഷങ്ങളായി ജയിലിലായിരുന്നു. അമിത് ഷാക്ക് ചരിത്രത്തെ കുറിച്ച് ഒന്നുമറിയില്ല. ചരിത്രം അറിയാനുള്ള ശ്രമം അദ്ദേഹം നടത്തുമെന്നും എനിക്ക് പ്രതീക്ഷയില്ല. അദ്ദേഹത്തിന് ചരിത്രം മാറ്റിയെഴുതുന്ന ശീലമാണ്.''-രാഹുൽ ഗാന്ധി പറഞ്ഞു.
യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും നെഹ്റുവിന്റെ പേരക്കുട്ടിയായ രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ ശരിവെച്ച സുപ്രീംകോടതി വിധിക്കു പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം. പാകിസ്താനുമായുള്ള യുദ്ധത്തിലെ അനവസരത്തിലുള്ള വെടിനിർത്തലും കശ്മീർ വിഷയം യു.എന്നിൽ ഉന്നയിച്ചതുമാണ് നെഹ്റുവിന് പറ്റിയ രണ്ട് പിഴവുകളെന്നാണ് അമിത്ഷാ പറഞ്ഞത്.
''അന്ന് പാകിസ്താനുമായി വെടിനിർത്തൽ ഉണ്ടായിരുന്നില്ലെങ്കിൽ പാക് അധീന കശ്മീർ ഉണ്ടാകുമായിരുന്നില്ല. നെഹ്റു രണ്ടുദിവസം കൂടി കാത്തിരുന്നെങ്കിൽ നമ്മുടെ രാജ്യം യുദ്ധത്തിൽ വിജയിക്കുമായിരുന്നു. കശ്മീർ മുഴുവൻ നമ്മുടേതാകുമായിരുന്നു.''-എന്നാണ് അമിത് ഷാ പറഞ്ഞത്. നെഹ്റു ഇല്ലായിരുന്നുവെങ്കിൽ കശ്മീർ ഉണ്ടാകുമായിരുന്നില്ല എന്നാണ് ജനങ്ങൾ പറയുന്നത്. ജനങ്ങൾക്ക് ചരിത്രമറിയാം. ഹൈദരാബാദ് വലിയ പ്രശ്നം നേരിട്ടു. നെഹ്റു അവിടെ പോയോ? നെഹ്റു ലക്ഷദ്വീപിലേക്ക് പോയോ? ജുനഗഢിലേക്കോ ജോധ്പൂരിലേക്കോ പോയോ? അദ്ദേഹം പതിവായി കശ്മീരിലേക്ക് മാത്രമാണ് പോയത്. അന്ന് അദ്ദേഹം അവിടെ ചെയ്തുവെച്ച ജോലി ഇപ്പോഴും ബാക്കികിടക്കുന്നു.-അമിത് ഷാ തുടർന്നു.
370 ാം വകുപ്പാണ് കശ്മീരിനെ വിഭജിച്ചതെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിനെക്കാൾ മുസ്‍ലിംകൾ താമസിക്കുന്ന നിരവധി സംസ്ഥാനങ്ങളില്ലേ. പിന്നെ എന്തുകൊണ്ടാണ് ജമ്മുകശ്മീരിൽ മാത്രം ഭീകരതയുള്ളത്? 370ാം വകുപ്പ് മൂലം വിഘടനവാദം രൂപപ്പെട്ടതാണ് അതിന് കാരണമെന്നും അമിത് ഷാ അവകാശപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്, അടുത്ത വർഷം സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പു നടത്തണമെന്നു നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.