ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിപ്പട്ടികക്ക് പിന്നാലെ കർണാടക ബി.ജെ.പിയിലുണ്ടായ വിമത നീക്കം തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി. സീറ്റ് നിർണയത്തിൽ അതൃപ്തരായ ചിക്കബല്ലാപുര, തുമകൂരു, ദാവൻകരെ, ചിത്രദുർഗ മണ്ഡലങ്ങളിലെ നേതാക്കളുമായി അമിത് ഷാ ചൊവ്വാഴ്ച ബംഗളൂരൂവിൽ കൂടിക്കാഴ്ച നടത്തി.
ശിവമൊഗ്ഗ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയും പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യെദിയൂരപ്പയുടെ മകനുമായ ബി.വൈ. രാഘവേന്ദ്രക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കെ.എസ്. ഈശ്വരപ്പയെ അമിത് ഷാ ഫോണിൽ വിളിച്ച് അനുനയത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ അമിത് ഷാ ആവശ്യപ്പെട്ടതായും താൻ നിരസിച്ചതായും ഈശ്വരപ്പ പ്രതികരിച്ചു. കർണാടക ബി.ജെ.പി അച്ഛന്റെയും മക്കളുടെയും പിടിയിലാണെന്നും ഹിന്ദുത്വ ആദർശത്തിനായി പൊരുതുന്ന സി.ടി. രവി, പ്രതാപ് സിംഹ, അനന്ത്കുമാർ ഹെഗ്ഡെ, ബസനഗൗഡ പാട്ടീൽ യത്നാൽ, ഡി.വി. സദാനന്ദ ഗൗഡ എന്നിവരെയടക്കം തഴഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദുത്വത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ തഴയുന്നതിലൂടെ ഹിന്ദുത്വത്തിനായി പ്രവർത്തിക്കുന്നത് തെറ്റാണെന്നാണോ പാർട്ടി നൽകുന്ന സന്ദേശമെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിയിലെ മുതിർന്ന നേതാവും പാർട്ടിയുടെ മുൻ കർണാടക അധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമാണ് 75കാരനായ കെ.എസ്. ഈശ്വരപ്പ. തന്റെ മകൻ കെ.ഇ. കന്തേഷിന് ഹാവേരി സീറ്റ് നൽകിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈശ്വരപ്പ ശിവമൊഗ്ഗയിൽ യെദിയൂരപ്പയുടെ മകനെതിരെ വിമത സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
എന്നാൽ, യെദിയൂരപ്പക്കെതിരെയാണ് ഈശ്വരപ്പയുടെ നീക്കം. കർണാടക ബി.ജെപിയിൽ ബി.എസ്. യെദിയൂരപ്പയുടെ കുടുംബാധിപത്യമാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. യെദിയൂരപ്പയുടെ മൂത്തമകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗ സിറ്റിങ് എം.പിയാണ്.
രണ്ടാമത്തെ മകൻ ബി.വൈ. വിജയേന്ദ്ര ശിക്കാരിപുര എം.എൽ.എയും കർണാടക ബി.ജെ.പി അധ്യക്ഷനുമാണ്. കൂടാതെ, തന്റെ അനുയായികളായ ബസവരാജ് ബൊമ്മൈ, ശോഭ കരന്ദ്ലാജെ അടക്കമുള്ളവർക്കും യെദിയൂരപ്പ സീറ്റുറപ്പിച്ചതും ചില നേതാക്കളെ ചൊടിപ്പിച്ചു.
തന്റെ എല്ലാ ആവശ്യങ്ങളും വരും ദിവസങ്ങളിൽ പരിഗണിക്കാമെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് വെളിപ്പെടുത്തിയ ഈശ്വരപ്പ, താൻ മൂന്നുമാസം മുമ്പ് ഡൽഹിയിൽ ചെന്ന് കർണാടക ബി.ജെ.പിയിലെ എല്ലാ സാഹചര്യങ്ങളും വിവരിച്ചതാണെന്നും ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി. ബുധനാഴ്ച കൂടിക്കാഴ്ചക്ക് ഈശ്വരപ്പയെ അമിത് ഷാ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കൊപ്പാൽ, ദാവൻകരെ, ചിക്കബല്ലാപുര, തുമകൂരു, ബെളഗാവി, ധാർവാർഡ് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിയിൽ കലഹം രൂക്ഷമാണ്. കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ ലിംഗായത്ത് മഠാധിപതി തന്നെ മത്സര രംഗത്തിറങ്ങിയിട്ടുണ്ട്. ഷിരഹട്ടി ഭാവൈക്യ മഠാധിപതി ഫക്കീർ ദിംഗലേശ്വര സ്വാമിയാണ് ധാർവാഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
ലിംഗായത്ത് വിഭാഗത്തെ പ്രൾഹാദ് ജോഷി അവഗണിക്കുന്നെന്ന് ആരോപിച്ചാണ് ഈ നീക്കം. പൊതുവേ ബി.ജെ.പിയെ പിന്തുണക്കുന്ന പ്രബല സമുദായമാണ് ലിംഗായത്തുകൾ. ചൊവ്വാഴ്ച തെക്കൻ കർണാടകയിലെ വിമത നേതാക്കളുമായാണ് അമിത് ഷാ ചർച്ച നടത്തിയത്.
വരുംദിവസങ്ങളിൽ വടക്കൻ കർണാടക മേഖലയിലെ വിമത നീക്കം അനുനയ ചർച്ചയിലൂടെ ഇല്ലാതാക്കാനാണ് നേതൃശ്രമം. മണ്ഡ്യയിലെ സിറ്റിങ് എം.പി സുമലതയുമായി ബി.ജെ.പി അനുനയ ചർച്ച നടത്തിയിരുന്നു. എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ മത്സരിക്കുമോ ഇല്ലയോ എന്ന് ബുധനാഴ്ച പ്രഖ്യാപിക്കാമെന്നാണ് സുമലത അറിയിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ചന്നപട്ടണയിൽ റോഡ് ഷോ നടത്തിയാണ് അമിത് ഷാ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.