പട്ന: അഞ്ചുതവണ പക്ഷം മാറിയ ആളാണ് ഇപ്പോൾ ബിഹാർ മുഖ്യമന്ത്രി പദത്തിലിരിക്കുന്നത് എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമർശനത്തിന് മറുപടിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അമിത് ഷാക്ക് രാഷ്ട്രീയത്തെ കുറിച്ച് എന്തറിയാം എന്നായിരുന്നു നിതീഷ് കുമാറിന്റെ ചോദ്യം. സ്വന്തം സംസ്ഥാനമായ മുംബൈയെ കുറിച്ചു പോലും വലിയ ധാരണയില്ലാത്ത ആളാണ് അമിത് ഷാ എന്നും നിതീഷ് പരിഹസിച്ചു. ബിഹാർ സന്ദർശനത്തിനിടെയാണ് അമിത് ഷാ നിതീഷ് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. 1970 കളിൽ ജയപ്രകാശ് നാരായണൻ നയിച്ച ബിഹാർ മൂവ്മെന്റിലൂടെയാണ് രാജ്യത്തിന് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളെ ലഭിച്ചതെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.
ബിഹാറിലെ സിതാബ് ദിയറ ഗ്രാമത്തിൽ നടന്ന പ്രസംഗത്തിനിടെ നിതീഷ് കുമാറിനെതിരെ അമിത് ഷാ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. ജയപ്രകാശ് നാരായണന്റെ അനുയായി ആണെന്ന് അവകാശപ്പെടുന്ന നിതീഷ് കുമാർ അഞ്ചുതവണ മറുകണ്ടം ചാടിയ വ്യക്തിയാണ് എന്ന അമിത് ഷായുടെ പ്രസ്താവനയാണ് വാക്പോരിലേക്ക് നയിച്ചത്.
''ബിഹാർ ജനതയോട് ഞാൻ ചോദിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി ജെ.പിയുടെ പേര് ഉപയോഗിച്ചിരുന്ന ആൾ തന്നെ ഇപ്പോൾ അദ്ദേഹത്തിന്റെ ആദർശങ്ങൾ മറികടന്ന് അധികാരത്തിനായി കോൺഗ്രസിന്റെ മടിത്തട്ടിൽ കയറി ഇരിക്കുകയാണ്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? അധികാരത്തിന് വേണ്ടി തരം പോലെ പക്ഷം മാറിക്കൊണ്ടിരിക്കുന്ന വ്യക്തിയാണിപ്പോൾ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്''-അമിത് ഷാ പറഞ്ഞു. സ്വന്തം സംസ്ഥാനത്തെ കുറിച്ചുപോലും വലിയ ധാരണയില്ലാത്ത ആളാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും കാര്യമാക്കേണ്ട എന്നുമായിരുന്നു അമിത് ഷായുടെ ആരോപണങ്ങൾക്ക് നിതീഷ് കുമാറിന്റെ മറുപടി.
''അതിന് അമിത് ഷാക്ക് എന്തറിയാം? എത്രകാലമായി അദ്ദേഹം രാഷ്ട്രീയത്തിൽ വന്നിട്ട്? സ്വന്തം സംസ്ഥാനത്തെ കുറിച്ചു പോലും അദ്ദേഹത്തിന് എന്തെങ്കിലും ധാരണയുണ്ടോ? 2002നു ശേഷമാണ് അവർക്ക് ഒരു അവസരം കിട്ടിയതു തന്നെ. എപ്പോഴാണ് ജെ.പി മൂവ്മെന്റ് ഉണ്ടായത്? അത് 1974ലാണ്. അവർക്ക് തോന്നുന്നത് പോലെയൊക്കെ അവർ പറയുകയാണ്. അതങ്ങനെ തന്നെ നടക്കട്ടെ''. പട്നയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ നിതീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.