സർക്കാറിനെ വരിഞ്ഞുമുറുക്കി ഇൻഡ്യ രണ്ടാംനിര

ന്യൂഡൽഹി: രാഹുലും അഖിലേഷുമില്ലാത്ത ലോക്സഭയിൽ ഇൻഡ്യ സഖ്യത്തിന്റെ രണ്ടാം നിര ബി.ജെ.പിയുടെ ഒന്നാം നിരയെ വരിഞ്ഞുകെട്ടുന്നതാണ് ഒറ്റത്തെരഞ്ഞെടുപ്പ് ബിൽ അവതരണത്തിൽ കണ്ടത്. കോൺഗ്രസ് നേതാവ് മനീഷ് തിവാരി നയിച്ച പടയിൽ കോൺഗ്രസിന്റെതന്നെ ഗൗരവ് ഗൊഗോയ്, തൃണമൂൽ കോൺഗ്രസിന്റെ കല്യാൺ ബാനർജി, മുസ്‍ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീർ, ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, മജ്‍ലിസിന്റെ അസദുദ്ദീൻ ഉവൈസി എന്നിവർ മത്സരിച്ച് മുന്നേറി സർക്കാറിനെ മിണ്ടാനാകാത്ത പരുവത്തിലാക്കി.

ബില്ലിനെ ന്യായീകരിക്കാൻ ഭരണപക്ഷത്തുനിന്ന് എഴുന്നേറ്റ വരെയെല്ലാം ചട്ടം 72 പുറത്തെടുത്ത് നേരത്തേ നോട്ടീസ് നൽകാത്തവർ മിണ്ടരുതെന്ന് പറഞ്ഞ് ഒന്നിച്ച് അടിച്ചിരുത്തിയ ഇൻഡ്യ എം.പിമാർക്ക് മുന്നിൽ അമിത് ഷായും രാജ്നാഥ് സിങ്ങും അടക്കമുള്ളവർ നിസ്സഹായരായി. മുൻനിരയിലുള്ള ഇവർക്കാർക്കും ചട്ടമറിയില്ലേ എന്ന അമ്പരപ്പിലായി ബി.ജെ.പി എം.പിമാർ. നേതാക്കളുടെ വലിഞ്ഞു മുറുകിയ മുഖം കണ്ട സ്പീക്കർ പാർലമെന്ററി കാര്യ മന്ത്രി ചട്ടം പറയട്ടെ എന്ന് പറഞ്ഞ് തന്റെ കോർട്ടിൽനിന്ന് പന്ത് റിജിജുവിന് തട്ടി.

അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. പ്രതിപക്ഷ നേതാക്കളുടെ തകർപ്പൻ പ്രകടനം കണ്ട് സഹിക്കാനാകാതെ അമിത് ഷാ ജെ.പി.സി ആശയവുമായി സംസാരിക്കാൻ നിയമ മന്ത്രി അർജുൻ മേഘ്‍വാളിനെ ക്ഷണിക്കാൻ പറയാൻ റിജിജുവിനെ സ്പീക്കർക്ക് അടുത്തേക്കയച്ചു. ഉവൈസിക്കു ശേഷം മേഘ്‍വാളിനെ സ്പീക്കർ വിളിച്ചത് അപ്പോഴാണ്. എന്നാൽ, ഇൻഡ്യ നേതാക്കൾ ഉന്നയിച്ച ഭരണഘടന വിഷയത്തിനും ചട്ട ലംഘനത്തിനും ഉത്തരം നൽകാനാകാതെ നിയമമന്ത്രി കുഴങ്ങിയപ്പോൾ ഇനിയും സംസാരം നീട്ടാതെ ജെ.പി.സിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിക്കൂ എന്ന് അമിത് ഷാ പറയുന്നത് കാണാമായിരുന്നു.

അപ്പോഴാണ് കല്യാൺ ബാനർജി വോട്ടെടുപ്പ് എന്ന പൂഴിക്കടകൻ പുറത്തെടുത്തത്. അതോടെ വീണ്ടും തകർന്നു ഭരണപക്ഷം. ഭരണഘടന ബിൽ അവതരണത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ട എങ്കിലും പാസാക്കാൻ അത് വേണം. ബി.ജെ.പി എം.പിമാർക്ക് വിപ്പ് നൽകിയിട്ടും നിരവധി ഇൻഡ്യ എം.പിമാർ സഭയിലില്ലാതിരുന്നിട്ടും ബി.ജെ.പിയുടെ ശതമാനം അതേറ്റിയില്ല. എൻ.ഡി.എക്ക് പുറമെ വൈ.എസ്.ആർ.സി.പി പിന്തുണച്ചിട്ടും ഇതാണ് സ്ഥിതിയെന്ന് വെളിപ്പെട്ടതോടെ പാസാക്കാനുള്ള ശക്തിയില്ലാതെ ഭരണഘടന ഭേഭഗതി അവതരിപ്പിച്ചതിലെ ധാർമികത പ്രതിപക്ഷം ചോദ്യംചെയ്യുകയാണ്.

ഇൻഡ്യ സമർഥിച്ചത്

കേവലം പ്രധാനമന്ത്രിയുടെ സ്വപ്നസാക്ഷാത്കാരത്തിനും അദ്ദേഹത്തെ ഉഴിഞ്ഞ് സുഖിപ്പിക്കാനുമുള്ള ഭരണഘടന വിരുദ്ധ ബിൽ പരമോന്നത നേതാവിനെ വെച്ച് തെരഞ്ഞെടുപ്പ് റാഞ്ചാനുള്ള നീക്കം.

സംസ്ഥാന പ്രാദേശിക വിഷയങ്ങൾ അപ്രസക്തമാകും. പ്രാദേശിക പാർട്ടികൾ ഇല്ലാതാകും.

ഭരണഘടന അനുച്ഛേദങ്ങൾക്കും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾക്കും വിരുദ്ധം.

ഇന്ത്യൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ കീഴാളരല്ല.

സംസ്ഥാന നിയമസഭകളുടെ കാലാവധി ലോക്‌സഭയുടെ കാലാവധിയെ ആശ്രയിച്ചാക്കാൻ ഭരണഘടന അനുവദിക്കുന്നില്ല.

ഈ നിയമനിർമാണം നിലനിൽക്കില്ല. കോടതി റദ്ദാക്കും.

മൂന്നിൽ രണ്ട് പിന്തുണയില്ലാത്ത ഭരണഘടന ഭേദഗതിക്ക് ധാർമിക അവകാശമില്ല.

Tags:    
News Summary - India Front on one nation one election discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.