മുംബൈ: വാർഷിക വരുമാനമായി ഒന്നരകോടി കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് അമിതാഭ് ബച്ചന്‍റെ അംഗരക്ഷകനായ മുംബൈ പൊലീസ് കോൺസ്റ്റബിളിന് സ്ഥലംമാറ്റം. സംഭവത്തിൽ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
അമിതാഭ് ബച്ചന്‍റെ അംഗരക്ഷകനായ ജിതേന്ദ്ര ഷിൻഡെയെയാണ് സ്ഥലം മാറ്റിയത്. മുംബൈ പൊലീസിൽ കോൺസ്റ്റബ്ളായ ഷിൻഡെ വർഷങ്ങളായി ബച്ചന്‍റെ അംഗരക്ഷകനായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഷിൻഡെ വാർഷിക ശമ്പളമായി ഒന്നര കോടി കൈപ്പറ്റിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് സ്ഥലംമാറ്റം. ബച്ചനാണോ അതോ മറ്റാരെങ്കിലും ഷിൻഡെക്ക് പണം കൈമാറിയതെന്ന കാര്യം വ്യക്തമല്ല.
തന്‍റെ ഭാര്യയുടെ നേതൃത്വത്തിൽ ഒരു സുരക്ഷ ഏജൻസി നടത്തുന്നുണ്ടെന്ന് ഷിൻഡെ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. അതുവഴി സെലിബ്രിറ്റികൾക്കും മറ്റും സുരക്ഷ ഉറപ്പാക്കും. ഷിൻഡെയുടെ ഭാര്യയുടെ പേരിലാണ് ബിസിനസ് നടത്തുന്നതെന്നും അമിതാഭ് ബച്ചൻ തനിക്ക് പണം നൽകിയിട്ടില്ലെന്നു ഷിൻഡെ പറഞ്ഞു.
അഞ്ചുവർഷത്തിൽ കൂടുതൽ ഒരു പൊലീസുകാരനെ നിശ്ചിത സ്ഥലത്ത് ജോലിക്ക് നിയോഗിക്കാൻ കഴിയില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ 2015 മുതൽ ബച്ചന്‍റെ സുരക്ഷ ചുമതല ഷിൻഡെക്ക് ആയിരുന്നു. ബച്ചന്‍റെ പ്രിയപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഷിൻഡെ. സൗത്ത് മുംബൈയിലേക്കാണ് ഷിൻഡെയുടെ സ്ഥലംമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.