ന്യൂഡൽഹി: മുംബൈയിലെ വനിത ഡിസൈനർ തനിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകാമെന്ന് വാഗ്ദാനം ചെയ്തതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. അമൃതയുടെ പരാതിയിൽ അനിക്ഷ എന്ന യുവതിക്കും അവരുടെ പിതാവിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ബാങ്കറാണ് അമൃത. അനിക്ഷയുടെ പിതാവ് ഉൾപ്പെട്ട ഒരു ക്രിമിനൽ കേസ് പരിഹരിക്കുന്നതിന് തനിക്ക് ഒരു കോടി രൂപ കൈക്കൂലിയായി വാഗ്ദാനം നൽകുകയായിരുന്നുവെന്നാണ് അമൃതയുടെ ആരോപണം.
2021 നവംബറിലാണ് യുവതി അമൃതയുമായി ആദ്യമായി ബന്ധപ്പെട്ടത്. ഫെബ്രുവരി 18 നും 19നും അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് വിഡിയോ, ശബ്ദ സന്ദേശങ്ങൾ ലഭിച്ചതായും അമൃതയുടെ പരാതിയിലുണ്ട്. അഴിമതി വിരുദ്ധ നിയമപ്രകാരമാണ് മുംബൈ പൊലീസ് യുവതിക്കും പിതാവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ജ്വല്ലറി, വസ്ത്ര,പാദരക്ഷ ഡിസൈനർ ആണെന്നാണ് യുവതി അവകാശപ്പെട്ടത്. പൊതു പരിപാടികളിൽ താൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ആഭരണങ്ങളും പാദരക്ഷകളും ധരിക്കണമെന്നും യുവതി അഭ്യർഥിച്ചതായും അമൃത പറയുന്നത്. അവരോട് അനുകമ്പതോന്നിയപ്പോൾ ധരിക്കാമെന്ന് സമ്മതിച്ചു.ആദ്യമായി കണ്ടപ്പോൾ തനിക്ക് അമ്മയില്ലെന്നാണ് യുവതി പറഞ്ഞത്. അമൃതയുടെ കീഴിലുള്ള ജീവനക്കാർക്കും യുവതി താൻ ഡിസൈൻ ചെയ്ത ഉൽപ്പന്നങ്ങൾ നൽകി.
മറ്റൊരിക്കൽ തന്റെ പിതാവിന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി ബന്ധമുണ്ടെന്നും തനിക്ക് നൽകാനായി തന്നതാണെന്നും പറഞ്ഞ് ഒരു കവർ നൽകി. തുറന്നു നോക്കിയപ്പോൾ ഒരു കൈയെഴുത്തു പേപ്പറായിരുന്നു അതിലെന്നും അമൃതയുടെ പരാതിയിൽ ഉണ്ട്. പിന്നീട് ശല്യംതുടർന്നപ്പോൾ അവരുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.