ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പിടിമുറുക്കിയതോടെ നിരവധി ജീവനുകൾ നഷ്ടമായിട്ടും വ്യാജ ചികിത്സ സജീവം. ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണത്താണ് ഏറ്റവും പുതിയ സംഭവം.
ബോനിഗി ആനന്ദയ്യ എന്ന സ്വയം പ്രഖ്യാപിത ആയുർവേദ പരിശീലകെൻറ അടുത്ത് കോവിഡ് രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയെത്തിയത്. ഇയാൾ സ്വയം വികസിപ്പിച്ചതാണ് മരുന്ന്. ഒൗഷധക്കൂട്ടുകൾ ഉപയോഗിച്ച് തയാറാക്കിയ തുള്ളിമരുന്ന് കോവിഡ് പ്രതിരോധത്തിനായി ഇയാൾ നൽകും.
സാമൂഹിക അകലമോ മാസ്കോ ധരിക്കാതെ എത്തുന്നവർ തുള്ളിമരുന്ന് വാങ്ങിയ ശേഷം തിരിച്ചുപോകും. കൂടാതെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മറ്റു ഒൗഷധങ്ങളും ഇയാൾ വിതരണം ചെയ്തിരുന്നു. കോവിഡ് ബാധിതർക്കും പനിയുള്ളവർക്കും കോവിഡിെൻറ മറ്റു ലക്ഷണങ്ങൾ ഉള്ളവർക്കും ഇയാൾ മരുന്ന് നൽകിയിരുന്നു. കോവിഡിനെ പ്രതിരോധിക്കുമെന്ന് മാത്രമല്ല, കോവിഡ് മൂലമുണ്ടാകുന്ന ശ്വാസ തടസം ഇല്ലാതാക്കുമെന്നുമാണ് ഇയാളുടെ അവകാശവാദം. ആയുർവേദവുമായി ബന്ധപ്പെട്ട് ഇയാൾക്ക് വിദ്യാഭ്യാസ യോഗ്യതയുമില്ല.
യാതൊരു ശാസ്ത്രീയ അടിത്തറയും ഇൗ മരുന്നിന് ഇല്ല എന്നതാണ് മറ്റൊരു സത്യം. കോവിഡ് ഭേദമാക്കുമെന്ന് ഇയാൾ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. മരുന്ന് വാങ്ങാനെത്തിയവരുടെ നീണ്ട നിര ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒരേസമയം നിരവധിപേർ ബോനിഗിയെ കാണാൻ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് മനസിലായതോടെ ഇത്തരം ആയുർവേദ മരുന്നുകളുടെ വിൽപ്പന വെള്ളിയാഴ്ച മുതൽ ആന്ധ്ര സർക്കാർ നിരോധിച്ചു. എന്നാൽ മറ്റു പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ ബോനിഗിക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് നെല്ലോർ ജില്ല മജിസ്ട്രേറ്റ് മേയ് 17ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആനന്ദയ്യ ഒരു അംഗീകൃത പരിശീലകനല്ലെന്നും ഇയാൾ നൽകുന്ന മരുന്ന് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഭാവിയിൽ ഇടയാക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇയാൾ വിതരണം ചെയ്യുന്ന തുള്ളിമരുന്നിെൻറ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി ഐ.സി.എം.ആറിന് അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ അനധികൃത മരുന്ന് വിതരണത്തെക്കുറിച്ച് വിവരം അറിഞ്ഞയുടൻ അധികൃതരെത്തി അവ തടഞ്ഞതായി ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.