ഹൈദരാബാദ്: കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സാന്ത്വന പാക്കേജുമായി ആന്ധ്രപ്രദേശ് സർക്കാർ. കോവിഡ് ബാധിച്ച് രണ്ടു രക്ഷിതാക്കളും മരിച്ച കുട്ടികൾക്ക് 10 ലക്ഷം രൂപ സഹായം നൽകുന്ന പദ്ധതി മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ സ്ഥിര നിക്ഷേപമായാണ് തുക നൽകുകയെന്നും ജഗൻ മോഹൻ റെഡ്ഡി നിയമസഭയിൽ പ്രഖ്യാപിച്ചു. കുട്ടികളുടെ ചെലവുകൾക്ക് പ്രതിമാസം 5000 രൂപ വീതം ലഭിക്കുന്ന വിധത്തിലോ അല്ലെങ്കിൽ 25 വയസ്സ് പൂർത്തിയാകുേമ്പാൾ മുഴുവൻ തുകയും ലഭിക്കുന്ന രീതിയോ തെരഞ്ഞെടുക്കാം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. വിവിധ ജില്ലകളിലായി 34 കുട്ടികൾക്ക് സഹായധനം ഇതിനകം വിതരണം ചെയ്തു.
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് വിവിധ സംസ്ഥാനങ്ങൾ സഹായ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഈ സഹായങ്ങൾ മതിയായതല്ലെന്നും രാജ്യത്ത് ഏകീകൃത രൂപം വേണമെന്നും ആവശ്യമുയരുന്നുണ്ട്. കോവിഡിന് ഇരകളായവരുടെ എണ്ണം ഇനിയും ഔദ്യോഗികമായി പുറത്തുവരേണ്ടതുണ്ട്. അതിനാൽ ഇത്തരം സഹായപദ്ധതികൾ യഥാർഥ ആവശ്യക്കാരിലേക്ക് എത്തില്ലെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.