വിദ്വേഷ പ്രസംഗം വേണ്ട: വെറുപ്പി​​െൻറ ഭാഷണങ്ങൾക്കെതിരെ രാജ്യസഭയിൽ രോഷം

ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ആവർത്തിച്ചുയരുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രാജ്യസഭ. കോൺഗ്രസും തൃണമൂൽ കോൺഗ്രസും വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ ഒരു സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗത്തിൽ ആരും ഏർപ്പെടരുതെന്ന് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവും ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും തൃണമൂൽ കോൺഗ്രസ് നേതാവ് നദീമുൽ ഹഖുമാണ് രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ മറ്റു നടപടികൾ മാറ്റിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, മറ്റു നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യാൻ അനുമതി നൽകില്ലെന്ന് ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞു. തുടർന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇതെന്നും അടിയന്തരമായി ചർച്ച ചെയ്യണമെന്നും നദീമുൽ ഹഖ് ആവശ്യപ്പെട്ടു. എന്നാൽ, എല്ലാ ദിവസവും നോട്ടീസ് നൽകുന്നുവെന്ന് കരുതി അജണ്ടകൾ മാറ്റിവെക്കാൻ കഴിയില്ലെന്ന് നായിഡു ആവർത്തിച്ചു. എങ്കിൽ പ്രതിപക്ഷ നേതാവിനെ ഈ വിഷയത്തിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് ആവശ്യപ്പെട്ടു. തുടർന്നാണ് ചെയർമാൻ ഖാർഗെയെ വിളിച്ചത്. ഡൽഹിക്കടുത്ത ബുറാഡിയിൽ ഹിന്ദു മഹാപഞ്ചായത്തിൽ വിദ്വേഷ പ്രസംഗം അരങ്ങേറിയപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം അടിയന്തര പ്രമേയ നോട്ടീസിൽ താൻ ഉന്നയിച്ചിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. 'ഹിന്ദുസ്ഥാൻ ഗസറ്റ്', 'ന്യൂസ് ലോണ്ട്രി', 'ദി ക്വിന്‍റ്, 'ആർട്ടിക്കിൾ 14' തുടങ്ങിയവയുടെ റിപ്പോർട്ടർമാരാണ് ആക്രമിക്കപ്പെട്ടത്. അതിന് ശേഷവും വിദ്വേഷ പ്രസംഗങ്ങൾ തുടർന്നു. അവിടെ സംസാരിച്ച സ്വാമിജി ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു. ഹരിദ്വാറിൽ വിദ്വേഷ പ്രസംഗം നടത്തിയ അതേ സ്വാമി അത് ഡൽഹിയിലും ആവർത്തിച്ചു. എല്ലാ മുസ്ലിംകളെയും കശാപ്പ് ചെയ്യണമെന്നായിരുന്നു സ്വാമിയുടെ ആഹ്വാനം-ഖാർഗെ പറഞ്ഞു.

ഇത്തരം പരാമർശങ്ങൾ സഭയിൽ പാടില്ലെന്നും ഇത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നും ചെയർമാൻ നായിഡു ഉടൻ ഇടപെട്ടു. ഇതെല്ലാം സ്വാമിയുടെ വാക്കുകളാണെന്ന് ഖാർഗെ പ്രതികരിച്ചു. സ്വാമി അർഥശൂന്യമായ വാക്കുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സഭയിൽ ഉദ്ധരിക്കേണ്ട കാര്യമില്ലെന്നും അതെല്ലാം വീണ്ടും ചർച്ചയാക്കിയതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും നായിഡു പറഞ്ഞു. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിദ്വേഷ പ്രസംഗം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Anger in Rajya Sabha against hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.