മുംബൈ: അംബാനി ഭീഷണി കേസിൽ അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നൽകാൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടതായി മുംബൈ പൊലീസ് കമീഷണർ പദവിയിൽനിന്ന് മാറ്റിയ പരംവീർ സിങ്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് ആരോപണം. എന്നാൽ, അംബാനി ഭീഷണി കേസിൽ സച്ചിൻ വാസെ അറസ്റ്റിലായതോടെ താനും കുടുങ്ങുമെന്നു കണ്ട പരംവീർ സിങ് സ്വയംരക്ഷക്ക് ആരോപണമുന്നയിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതികരിച്ചു. അനിൽ ദേശ്മുഖിെൻറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. സച്ചിന് പിന്നിൽ പ്രമുഖ നേതാവുണ്ടെന്ന് ബി.ജെ.പി തുടക്കം മുതലേ ആരോപിച്ചിരുന്നു.
ഫെബ്രുവരിയിൽ സച്ചിൻ വാസെയെ വീട്ടിലേക്ക് വിളിപ്പിച്ചാണ് മന്ത്രി ഹോട്ടൽ, ബാർ റസ്റ്റാറൻറുകൾ, ഹുക്ക പാർലറുകൾ എന്നിവരിൽനിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കിനൽകാൻ പറഞ്ഞതത്രെ. 1750 ഒാളം ബാർ റസ്റ്റാറൻറുകൾ നഗരത്തിലുണ്ടെന്നും മൂന്നുലക്ഷം വീതം വസൂലാക്കിയാൽ 50 കോടിയോളം കിട്ടുമെന്നുമത്രെ മന്ത്രി പറഞ്ഞത്. സച്ചിൻ വാസെ തന്നെ വിവരമറിയിച്ചപ്പോൾ ഞെട്ടിയെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ എന്നിവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പരംവീർ ആരോപിച്ചു. എ.സി.പി സഞ്ജയ് പാട്ടീൽ, ഡി.സി.പി ഭുജ്ബൽ എന്നിവരോടും മന്ത്രി പണം വസൂലാക്കാൻ ആവശ്യപ്പെട്ടെന്നും പറയുന്നു.
സച്ചിൻ വാസെ അറസ്റ്റിലായതിനുപിന്നാലെ ബുധനാഴ്ചയാണ് പരംവീർ സിങ്ങിനെ മുംബൈ പൊലീസ് കമീഷണർ പദവിയിൽനിന്ന് മഹാരാഷ്ട്ര സർക്കാർ മാറ്റിയത്. പരംവീറിെൻറ കെടുകാര്യസ്ഥതയാണ് മാറ്റത്തിന് കാരണമെന്ന് അനിൽ ദേശ്മുഖ് പറഞ്ഞിരുന്നു. വകുപ്പ് മേധാവികളെ മറികടന്ന് സച്ചിൻ വാസെ നേരിട്ട് പരംവീർ സിങ്ങിനായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.