കുടുംബം നോക്കാൻ 10ാം ക്ലാസിൽ പഠനം നിർത്തി, സലൂണിൽ ജോലി ചെയ്തു -അത്താണി നഷ്ടപ്പെട്ട വേദനയിൽ അഞ്ജലിയുടെ കുടുംബം

ന്യൂഡൽഹി: 20 വയസുള്ള ഒരു പെൺകുട്ടിക്ക് എടുത്താൽ പൊങ്ങാത്ത ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ഡൽഹിയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ജലി സിങ് ചുമലിലേറ്റിയത്. അഞ്ച് സഹോദരങ്ങളും വൃക്കരോഗിയായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു ആ പെൺകുട്ടി. പഞ്ചാബി പാട്ടുകളുടെ ആരാധികയായ അഞ്ജലി നിരവധി റീലുകൾ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരുന്നു. നന്നായി മേയ്ക്കപ്പ് ചെയ്ത് നടക്കാനും വസ്ത്രം ധരിക്കാനും ഇഷ്ടപ്പെട്ടിരുന്ന ആ പെൺകുട്ടിയുടെ മൃതദേഹം വിവസ്ത്രയായ നിലയിലാണ് കണ്ടെത്തിയത്.

ഒമ്പതു വർഷം മുമ്പാണ് അഞ്ജലിക്ക് പിതാവിനെ നഷ്ടമായത്. അതോടെ കുടുംബത്തെ നോക്കാനായി 10 ാംക്ലാസിൽ പഠനം നിർത്തി ജോലിക്കിറങ്ങിയതാണ്.

സലൂണിലായിരുന്നു ആദ്യം ജോലി. പിന്നീട് ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെത്തി. ആഡംബരവിവാഹവേദികളില്‍ അതിഥികളെ സ്വീകരിക്കുന്നതും വധുവിനെ അണിയിച്ചൊരുക്കുന്നതുമായിരുന്നു പ്രധാന​ പണി. ഇങ്ങനെ ഒരുദിവസം 500 മുതൽ 1000 രൂപ വരെ ലഭിക്കും. ഇത്തരം പരിപാടികൾ ഇല്ലാത്ത ദിവസങ്ങളിൽ സലൂണുകളിലും ജോലി ചെയ്യും. കോവിഡ് കാലത്താണ് അവൾ ഏറെ പ്രയാസം നേരിട്ടത്.

രാത്രിയും പകലും ജോലി ചെയ്താണ് അഞ്ജലി കുടുംബത്തെ സംരക്ഷിച്ചത്. പല പരിപാടികളും പുലർച്ചെ വരെ നീളുമെന്നതിനാൽ അഞ്ജലി വീട്ടിലെത്താനും വൈകും. അപകടം നടന്ന ദിവസവും രാവിലെ വീട്ടിലെത്തുമെന്നാണ് അവൾ അമ്മയെ ഫോണിൽ വിളിച്ച് പറഞ്ഞത്.

''എനിക്ക് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. മോർച്ചറിയിൽ എന്താണ് കണ്ടതെന്ന് വിവരിക്കാൻ വാക്കുകളില്ല. അവളെ ഈ സ്ഥിതിയിലാക്കി ഉപേക്ഷിച്ചു പോകാൻ ആ അഞ്ചുപേർക്ക് എങ്ങനെയാണ് മനസു വന്നത്. 10 കിലോമീറ്ററോളം കാറിനടിയിലാക്കി അവളെ വലിച്ചിഴച്ചുവെന്നാണ് ഞാനറിഞ്ഞത്. പാവം എന്റെ മകൾ. എന്റെ മറ്റ് പെൺമക്കളെ പോലെ ആയിരുന്നില്ല അവർ. അവർക്കാർക്കും ജോലി ചെയ്യാൻ ഇഷ്ടമായിരുന്നില്ല. സഹോദരങ്ങൾക്ക് ജോലി ആകുന്നത് വരെ താൻ വിവാഹം കഴിക്കില്ലെന്നാണ് അവൾ പറയാറുണ്ടായിരുന്നത്. എന്റെ എല്ലാമായിരുന്നു അവൾ''-എന്നാണ് അഞ്ജലിയെ കുറിച്ച് അമ്മ രേഖ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്. മൂന്നു വർഷം മുമ്പു വരെ ഒരു സ്വകാര്യസ്കൂളിൽ സഹായിയായി പോകുമായിരുന്നു രേഖ. അസുഖബാധിതയായതോടെയാണ് അത് നിർത്തിയത്.

അവൾക്ക് പഠനം തുടരാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ എന്നെയും ഇളയ മൂന്നു സഹോദരങ്ങളെയും സഹായിക്കാൻ സലൂണിൽ ജോലി ചെയ്യാൻ പോകേണ്ടി വന്നു. പിന്നീട് ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലിക്ക് പോ​യപ്പോൾ മാസം 15000 രൂപ വരെ വരുമാനം ലഭിച്ചു.

അപകടം സംഭവിച്ച സമയത്ത് സഞ്ചരിച്ച സ്കൂട്ടർ അഞ്ജലി ഏറെ മോഹിച്ചു വാങ്ങിയതാണ്. അവൾക്ക് ഏറെ ഇഷ്ടമുള്ള പർപ്പിൾ നിറത്തിലുള്ളതായിരുന്നു സ്കൂട്ടർ. വായ്പയെടുത്താണ് സ്കൂട്ടർവാങ്ങിയതെന്ന് മൂത്ത സഹോദരി പ്രീതി പറഞ്ഞു. സ്കൂട്ടർ കിട്ടിയപ്പോൾ സ്വാത​ന്ത്ര്യം കിട്ടിയ പ്രതീതിയായിരുന്നു അവൾക്ക്. വളരെ ശക്തയായിരുന്നു അവൾ. എങ്ങനെയാണീ ദുരന്തം സംഭവിച്ചതെന്ന് അറിഞ്ഞുകൂടാ. പൊലീസുകാരാണ് ഞങ്ങളോട് വിവരം പറഞ്ഞത്. അപകടം നടന്ന സ്ഥലത്തേക്കും ഞങ്ങളെ കൊണ്ടുപോയി. അവിടെ നഗ്നമായ നിലയിൽ മരിച്ചു കിടക്കുകയാണ് എന്റെ കുട്ടി. ഇതിനു പിന്നിലുള്ളവർ ശിക്ഷിക്കപ്പെടണം. ഞങ്ങളുടെ വീട്ടിലെ നക്ഷത്രമായിരുന്നു അവൾ-പ്രീതി കണ്ണീരോടെ പറഞ്ഞു.

ബ്യൂട്ടീഷൻ കോഴ്സ് ചെയ്യണമെന്നും ജോലിയിൽ സ്വയം പര്യാപ്തയാകണമെന്നും അഞ്ജലി ആഗ്രഹിച്ചിരുന്നു. രാഷ്ട്രീയത്തിലും ഒന്നു പയറ്റണമെന്ന് അഞ്ജലി പറയുമായിരുന്നുവെന്ന് കുടുംബം പറയുന്നു.

Tags:    
News Summary - Anjali’s story: Ambitious, family’s sole breadwinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.