ചെന്നൈ: ബി.ജെ.പിയിലെ ഭിന്നത അവസാനിപ്പിക്കാൻ ശ്രമം നടത്തി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. അതിന്റെ ഭാഗമായി മുൻ ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷയുമായ തമിഴിസൈ സൗന്ദർരാജനെ അണ്ണാമലൈ വീട്ടിലെത്തി സന്ദർശിച്ചു. സാലിഗ്രാമിലെ വീട്ടിലെത്തി മധുരം കൈമാറിയ അണ്ണാമലൈക്ക് തന്റെ പുസ്തകം സമ്മാനമായി നൽകിയാണ് തമിഴിസൈ സ്വീകരിച്ചത്. സന്ദർശനത്തിനു പിന്നാലെ ഇക്കാര്യം സൂചിപ്പിച്ച് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിടുകയും ചെയ്തു.
''പാർട്ടി സംസ്ഥാന അധ്യക്ഷയായി പ്രവർത്തിച്ച മുതിർന്ന നേതാവ് ഡോ. തമിഴിസൈ സൗന്ദരരാജനെ വിളിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. അവരുടെ രാഷ്ട്രീയ പരിചയസമ്പത്തും ഉപദേശങ്ങളും പാർട്ടിയുടെ വളർച്ചക്ക് ഏറെ പ്രചോദനമായിരിക്കും.''-എന്നാണ് സന്ദർശനത്തിന് പിന്നാലെ അണ്ണാമലൈ എക്സിൽ കുറിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനത്തെ പാർട്ടിയുടെ മോശം പ്രകടനത്തിന് തമിഴിസൈ അണ്ണാമെലെക്കു നേരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇതെ കുറിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ ബി.ജെ.പി ജനാധിപത്യ പാർട്ടിയാണെന്നും അംഗങ്ങൾക്ക് സ്വതന്ത്രമായി അവരുടെ അഭിപ്രായം പ്രകടിപ്പിക്കാമെന്നുമാണ് അണ്ണാമലൈ പറഞ്ഞത്.
തമിസൈയും അണ്ണാമലൈയും തമ്മിലുള്ള പോര് പരസ്യമായതോടെ, പൊതുവേദിയിൽ വെച്ച് അമിത് ഷാ തമിഴിസൈയെ ശാസിച്ചിരുന്നു. തർക്കത്തെ കുറിച്ച് കേന്ദ്രനേതൃത്വം റിപ്പോർട്ടും തേടി. അതേസമയം, നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുണ്ട്.
എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമായിരുന്നു എന്നാണ് തമിഴിസൈ അഭിപ്രായപ്പെട്ടത്. സഖ്യം തകരാനുള്ള കാരണം അണ്ണാമലൈ ആണെന്നും അവർ വിമർശിക്കുകയുണ്ടായി. ബി.ജെ.പിയിൽ ക്രിമിനൽ ഘടകങ്ങൾ ഉണ്ടെന്നും ആരുടെയും പേരെടുത്തു പറയാതെ അവർ സൂചിപ്പിക്കുകയും ചെയ്തു. 2023 സെപ്റ്റംബറിലാണ് ബി.ജെ.പിയുമായുള്ള സഖ്യം എ.ഐ.ഡി.എം.കെ അവസാനിപ്പിച്ചത്. പാർട്ടിയുടെ മുൻ നേതാക്കളെ അണ്ണാമലൈ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.