മധുരൈ: മധുരൈ എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്ന ഉതുപ്പിലെ പ്രദേശവാസികള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും ശരീരത്ത് പെട്രോള്‍ ഒഴിച്ചും ആത്മഹത്യാഭീഷണി മുഴക്കി. പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് മധുരൈ സൗത്ത് തഹസില്‍ദാർ നൽകിയ ഉറപ്പിനെത്തുടർന്ന് പ്രതിഷേധം താത്കാലികമായി നിർത്തിവെച്ചു.
633 ഏക്കര്‍ ഭൂമിയാണ് മധുരൈ എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായിഏറ്റെടുക്കുന്നത്. 126 കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടമാകും. ഇന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാനിരിക്കെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. പിന്നാലെ പത്തിലധികം പേര് സമീപത്തെ വാട്ടര്‍ ടാങ്കിന് മുകളിൽ കയറി. ചിലര്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തുടർന്ന് പൊലീസും ഫയർഫോഴ്സും മധുരൈ സൗത്ത് തഹസില്‍ദാറും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.
എയർപോർട്ടിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം മധുരൈ മുന്‍സിപ്പല്‍ കോര്പറേഷന് പരിധിയില്‍ മൂന്ന് സെന്റ് വസ്തു നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതല്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് അതിന് തുല്യമായ പണം നൽകണമെന്നും സമരക്കാര്‍ അധികൃതരെ അറിയിച്ചു. ആറ് ദിവസത്തിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മധുരൈ സൗത്ത് തഹസില്‍ദാര്‍ ഉറപ്പ് നല്കി. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ഇതിലും കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.