ലഖ്നോ: ഝാൻസി മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട നവജാത ശിശു മരിച്ചു. ചികിത്സയില്‍ കഴിയവെയാണ് കുഞ്ഞ് മരിച്ചത്. ഇതോടെ തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ എണ്ണം പതിനൊന്നായി. വെള്ളിയാഴ്‌ച്ച രാത്രി വാർഡിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ നേരത്തെ മരിച്ചിരുന്നു.
എൻ.ഐ.സി.യുവിൽ നിന്ന് പി.ഐ.സി.യുവിലേക്ക് മാറ്റിയ കുട്ടി മറ്റൊരു അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തീപിടിത്തത്തിൽ കുട്ടിക്ക് പൊള്ളലേറ്റിട്ടില്ലെന്ന് ഝാൻസി ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാർ പറഞ്ഞു. നിലവിൽ 38 കുട്ടികൾ എൻ.ഐ.സി.യുവിൽ ചികിത്സയിലാണ്. ഈ കുഞ്ഞുങ്ങൾ പൊള്ളലേറ്റിട്ടല്ല ചികിത്സയില്ലെന്നും ഇവരെ ആശുപത്രി ജീവനക്കാർ നേരത്തേ രക്ഷപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
38 കുട്ടികളിൽ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. എന്നാൽ കുട്ടി പൊള്ളലേറ്റല്ല മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഡോക്‌ടർമാരുമായി സംസാരിച്ചുവെന്നും കുട്ടികളുടെ മറ്റു കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയതായി ഡി.എം അറിയിച്ചു. ആശുപത്രി തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ഏഴ് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.