വർഷകാല സമ്മേളനം: പ്രധാനമന്ത്രി ഇല്ലാതെ സർവകക്ഷി യോഗം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നു. പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്തു. ന്യൂനപക്ഷങ്ങളുടെ ഭവനങ്ങൾ നിയമവിരുദ്ധമായി തകർക്കുന്ന ബുൾഡോസർ രാജും രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളും സമ്മേളനത്തിൽ ചർച്ചക്കെടുക്കണമെന്ന് പ്രതിപക്ഷം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ന് തുടങ്ങുന്ന സമ്മേളനം ആഗസ്റ്റ് 12ന് സമാപിക്കും

കീഴ്വഴക്കം അനുസരിച്ച് പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് സ്പീക്കറുടെ സർവകക്ഷിയോഗത്തിന് പുറമെ പ്രധാനമന്ത്രി സർക്കാറിന് വേണ്ടി സർവകക്ഷി യോഗം വിളിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി സർവകക്ഷി യോഗത്തിന് വന്നില്ല. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലും മോദി പങ്കെടുത്തിരുന്നില്ല.

പ്രധാനമന്ത്രി വിട്ടുനിന്നത് അൺപാർലമെന്‍റററിയല്ലേ എന്ന് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേശ് പരിഹസിച്ചു. അതേസമയം വാക്കുകൾക്കും പ്രതിഷേധങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ ശേഷം നടക്കുന്ന വർഷകാല സമ്മേളനം പ്രക്ഷുബ്ധമായേക്കുമെന്ന സൂചനകൾക്കിടയിൽ ചർച്ച ചെയ്യാനുള്ള വിഷയങ്ങളുടെ പട്ടിക പ്രതിപക്ഷം സർക്കാറിന് മുമ്പാകെ നിരത്തി.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, മന്ത്രിമാരായ പ്രൾഹാദ് ജോഷി, വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ന്യൂനപക്ഷങ്ങളുടെ ഭവനങ്ങൾ നിയമവിരുദ്ധമായി തകർക്കൽ, വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ, സൈനിക റിക്രൂട്ട്മെന്‍റിനുള്ള അഗ്നിപഥ് പദ്ധതി, നിയന്ത്രിക്കാനാവാത്ത വിലക്കയറ്റം തുടങ്ങി 13 പ്രധാന വിഷയങ്ങളിൽ സഭയിൽ ചർച്ച നടത്തണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

വിവിധ കക്ഷി നേതാക്കളായ അധിർ രഞ്ജൻ ചൗധരി (കോൺഗ്രസ്) തിരുച്ചി ശിവ (ഡി.എം.കെ) ജയന്ത് ചൗധരി (രാഷ്ട്രീയ ലോക്ദൾ), ഇ.ടി മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്), എം. തമ്പിദുരൈ(എ.ഐ.എ.ഡി.എം.കെ) എം.പി. വിജയസായ് റെഡ്ഡി (വൈ.എസ്.ആർ.സി.പി) സദീപ് ബന്ദോപാധ്യായ(തൃണമൂൽ കോൺഗ്രസ്), സുപ്രിയ സുലെ (എൻ.സി.പി), അനുപ്രിയ പട്ടേൽ (അപ്നാ ദൾ) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Annual Conference: An all-party meeting without the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.