ന്യൂഡൽഹി: ന്യൂയോർക്ക്-ഡൽഹി വിമാനത്തിനു പിന്നാലെ എയർ ഇന്ത്യയുടെ പാരിസ്-ഡൽഹി വിമാനത്തിലും വനിത യാത്രക്കാരിക്കുനേരെ അതിക്രമം.
മദ്യപിച്ച യാത്രക്കാരൻ വനിത യാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചതായാണ് പരാതി. ഡിസംബർ ആറിന് എയർ ഇന്ത്യ ഫ്ലൈറ്റ് 142ലാണ് സംഭവം. അപ്പോൾ തന്നെ പൈലറ്റ് വിവരം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) റൂമിൽ അറിയിച്ചു. എന്നാൽ, യാത്രക്കാരൻ മാപ്പ് എഴുതി നൽകിയതോടെ യാത്രക്കാരനെതിരെ നടപടി അവസാനിപ്പിക്കുകയായിരുന്നു.
ഏത് ക്ലാസിലെ യാത്രക്കാരനാണ് അതിക്രമം കാണിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല. രാവിലെ 9.30നാണ് വിമാനം ഡൽഹിയിലെത്തിയത്. പിന്നാലെ സംഭവം വിമാനത്താവള സുരക്ഷ ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ കാബിൻ ക്രൂവിന്‍റെ നിർദേശങ്ങൾ പലതവണ ലംഘിച്ചെന്നും വനിത യാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നുമായിരുന്നു പരാതി.
എന്നാൽ, വനിതാ യാത്രക്കാരി പൊലീസിൽ പരാതി നൽകാൻ തയാറായില്ല. യാത്രക്കാരൻ പരസ്യമായി മാപ്പ് എഴുതി നൽകിയതിനു പിന്നാലെ അദ്ദേഹത്തെ പോകാൻ അനുവദിക്കുകയായിരുന്നു. നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലും യാത്രക്കാരൻ വനിത യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 28നു മാത്രമാണ് പരാതി ലഭിച്ചത്.
ബിസിനസ് ക്ലാസ് യാത്രികനായ ശേഖർ മിശ്ര മുന്നിലിരുന്ന കർണാടക സ്വദേശിയായ 70 വയസ്സുള്ള സ്ത്രീയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീ പരാതിപ്പെട്ടെങ്കിലും ഡൽഹിയിലിറങ്ങിയ ശേഷവും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സമിതിക്കു രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.