മുംബൈ: ലൈംഗികമായി വഴങ്ങിയാൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഔദ്യോഗിക വസതിയിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കേന്ദ്ര ഭരണപ്രദേശമായ ആൻഡമാൻ നികോബാർ ദ്വീപിലെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, മുൻകൂർ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കീഴ്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ, ലേബർ കമീഷണർ ആർ.എൽ. ഋഷി എന്നിവർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് 21കാരിയുടെ പരാതി. ഇരുവർക്കും എതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കുകയും തുടർന്ന് ഒക്ടോബർ 17ന് ജിതേന്ദ്ര നരേനെ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പരാതിക്കാരിയായ 21കാരിയുടെയും പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെയും കോൾ ഡാറ്റ റെക്കോർഡുകൾ ആരോപണം ശരിവെക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. പരാതി ഉയർന്നതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ വസതിയിലെ സിസിടിവി ഹാർഡ് ഡിസ്ക് ആദ്യം ഡിലീറ്റ് ചെയ്യുകയും പിന്നീട് ഇവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
രണ്ട് തവണ തന്നെ ഔദ്യോഗിക വസതിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് 21കാരിയുടെ പരാതി. ഒരു ഹോട്ടലുടമ വഴിയാണ് ലേബർ കമീഷണറെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെടുന്നത്. ചീഫ് സെക്രട്ടറിയുടെ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയെങ്കിലും യുവതി നിരസിച്ചു. പിന്നീട് ഇരുവരും സർക്കാർ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് രണ്ട് പ്രതികളും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. രണ്ടാഴ്ചക്ക് ശേഷം രാത്രി ഒമ്പതോടെ വീണ്ടും ചീഫ് സെക്രട്ടറിയുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കേസിൽ ഒക്ടോബർ 29ന് ജിതേന്ദ്ര നരേയ്നെ എട്ട് മണിക്കൂർ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.