ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരായി കൊളീജിയം നിർദേശിക്കുന്നവരുടെ ജോലിയിലെ മികവ് സൂക്ഷ്മമായി പരിശോധിക്കുമെന്ന് നിയമമന്ത്രാലയം. ഹൈകോടതി ജഡ്ജിമാരായി നിർദേശിക്കപ്പെടുന്ന അഭിഭാഷകർ ഹാജരായ കേസുകളിലെ വിധികളും ജുഡീഷ്യൽ ഒാഫിസർമാർ എത്ര കേസുകൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പു കൽപിച്ചെന്നുമാണ് നിയമമന്ത്രാലയത്തിലെ വിദഗ്ധർ പരിശോധിക്കുന്നത്. പുതിയ നീക്കം സർക്കാറും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കുമോ എന്ന ആശങ്കയുണ്ട്.
ഹൈകോടതിയിലെ മൂന്നംഗ ജഡ്ജിമാരടങ്ങുന്ന കൊളീജിയമാണ് സീനിയർ അഭിഭാഷകരെയും കീഴ്കോടതികളിലെ മികച്ച ജഡ്ജിമാരെയും ഹൈകോടതിയിലേക്ക് നാമനിർദേശംചെയ്യുന്നത്. ഇവർ ഉദ്യോഗാർഥിയുടെ പ്രവൃത്തിയിലെ മികവ് ഉൾപ്പെടെയുള്ള റിപ്പോർട്ട് നിയമന്ത്രാലയം മുഖേന സുപ്രീംകോടതി ജഡ്ജിമാരടങ്ങുന്ന കൊളീജിയത്തിനാണ് കൈമാറുന്നത്.
സുപ്രീംകോടതി കൊളീജിയമാണ് ജഡ്ജിമാരെ നിയമിക്കുന്നതിന് അന്തിമഅനുമതി നൽകുന്നത്. എന്നാൽ, ഇതിനുവിരുദ്ധമായാണ് നിയമമന്ത്രാലയം ജഡ്ജിമാരായി നിർദേശിക്കപ്പെട്ടവരുടെ പ്രവൃത്തിയിലെ മികവ് പരിശോധിക്കാൻ തുടങ്ങിയത്.
ജുഡീഷ്യൽ ഒാഫിസർമാരുടെ കഴിവും നിർദേശിക്കപ്പെട്ടയാൾ മുതിർന്ന അഭിഭാഷകനാണോ എന്നുമുള്ള കാര്യങ്ങളും പരിശോധിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും നിയമമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മദ്രാസ് ഹൈകോടതി ജസ്റ്റിസ് കർണെൻറ വിവാദത്തിനുശേഷം ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള രീതി പുനഃപരിശോധിക്കാൻ നിയമമന്ത്രാലയം സുപ്രീംകോടതി കൊളീജിയത്തോട് വീണ്ടും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.