അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ യു.പിയിലും പഞ്ചാബിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കേണ്ടത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇതു കൂടി ലക്ഷ്യംവെച്ചാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ബി.ജെ.പി ഇപ്പോൾ തയാറായിരിക്കുന്നത്.
നവംബർ ഏഴിന് ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം നടന്നിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു യോഗത്തിലെ പ്രധാന ചർച്ച വിഷയം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിനെത്തിയിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തെരഞ്ഞെടുപ്പിനെ ഏത് തരത്തിൽ സ്വാധീനിക്കുമെന്ന് യോഗം ചർച്ച ചെയ്തുവെന്നാണ് വിവരം. ഇതിന് പിന്നാലെ ധനമന്ത്രി നിർമല സീതാരാമൻ കർഷകരുമായി ഏത് തരത്തിലുമുളള ചർച്ചകൾക്കും തയാറാണെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ, ഡൽഹിയിൽ സമരം നടത്തുന്ന കർഷകർ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. തുടർന്ന് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കർഷകർക്ക് വേണ്ടി വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, വൻ വാഗ്ദാനങ്ങൾ നൽകി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന ചൂതാട്ടത്തിന് നിൽക്കാതെ നിരുപാധികം കർഷകർക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ് മോദി സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടത് യോഗി സർക്കാറിനെതിരെ വലിയ പ്രതിഷേധമുണ്ടാവുന്നതിന് വഴിവെച്ചിരുന്നു. കേസിൽ ആരോപണവിധേയനായത് കേന്ദ്രമന്ത്രിയും അദ്ദേഹത്തിന്‍റെ മകനുമാണെന്നത് ബി.ജെ.പി പ്രതിസന്ധിയുടെ ആക്കം കൂട്ടി.
അതിർത്തിയിൽ സമരം നടത്തുന്ന കർഷക സംഘടനകൾ ബി.ജെ.പിക്കെതിരെ യു.പിയിൽ പ്രചാരണത്തിനെത്തുമെന്ന് കൂടി അറിയിച്ചതോടെ പാർട്ടി കടുത്ത സമ്മർദത്തിലേക്ക് വീണു. അഭിമാനപോരാട്ടം നടക്കുന്ന യു.പിയിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാവുമെന്ന പ്രവചനങ്ങൾ വരുന്നതിനിടെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷ. യു.പിക്ക് അടുത്ത് കിടക്കുന്ന ഉത്തരാഖണ്ഡിലും വിവാദ നിയമങ്ങളും പ്രതിഷേധവും ചർച്ചയാകുമെന്ന് ഉറപ്പാണ്.
അതേസമയം, പഞ്ചാബിൽ ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നില്ല. എന്നാൽ, കോൺഗ്രസ് നേതൃവുമായി തെറ്റി അമരീന്ദർ സിങ് പാർട്ടി വിട്ടതോടെ ഒരു കൈ അവിടെയും നോക്കാമെന്ന നിലപാടിലേക്ക് ബി.ജെ.പി നേതൃത്വം എത്തി. അമരീന്ദറിനെ പാളയത്തിലെത്തിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാകാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കു കൂട്ടൽ. അമിത് ഷായെ പോലുള്ള നേതാക്കൾ അമരീന്ദറുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ബി.ജെ.പി പക്ഷത്തേക്കില്ലെന്ന് അമരീന്ദർ കട്ടായം പറഞ്ഞതോടെ പാർട്ടിക്ക് മുന്നിൽ ആ സാധ്യത താൽകാലികമായി അടഞ്ഞിരുന്നു.
എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം ബി.ജെ.പിക്ക് പഞ്ചാബിൽ പുതിയ സാധ്യതകൾ തുറന്നിടും. വരും ദിവസങ്ങളിൽ അമരീന്ദർ സിങ് സ്വീകരിക്കുന്ന നിലപാടാവും ഇക്കാര്യത്തിൽ നിർണായകമാവുക. തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും മണിപ്പൂരിലും കാർഷിക നിയമങ്ങളും കർഷക പ്രതിഷേധവും സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.