കൊച്ചി: നഗരഗതാഗത സംവിധാനങ്ങളുടെ നടത്തിപ്പിൽ സാധാരണ ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങൾകൂടി തേടണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നഗരഗതാഗത സംവിധാനം സുരക്ഷിതവും ശുചിത്വപൂർണവുമാകണം. ആശയങ്ങളുടെ രൂപവത്കരണം മാത്രം പോര, പ്രാവർത്തികമാക്കാൻകൂടി കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മൂന്ന് ദിവസമായി നടന്ന 15ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
പൊതുഗതാഗത സംവിധാനം സുസ്ഥിരവും കാര്യക്ഷമവും ഉയർന്ന നിലവാരത്തിലുള്ളതുമാകണം. മെട്രോയും ജല മെട്രോയും ഇലക്ട്രിക് ബസ് എന്നിവയടങ്ങുന്ന കൊച്ചിയിലെ സംയോജിത ഗതാഗത മാർഗങ്ങൾ മാതൃകയാണ്. കൊച്ചിയിൽ യാഥാർഥ്യമാകുന്ന ജല മെട്രോ രാജ്യത്തെതന്നെ ആദ്യത്തേതാണ്. പൊതുഗതാഗത മേഖല നേരിടുന്ന ഏത് വെല്ലുവിളിയും നേരിടാൻ രാജ്യം സന്നദ്ധമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഫറൻസിനും അനുബന്ധമായി നടന്ന എക്സ്പോയിലെ വിവിധ സ്റ്റാളുകൾക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. എക്സ്പോ വേദിയിലെത്തിയ ഗവർണർ വിവിധ സ്റ്റാളുകൾ പരിചയപ്പെട്ടു.
ഗതാഗത മേഖലയിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലക്കും സർക്കാർ തുല്യപ്രാധാന്യമാണ് നൽകിവരുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കേന്ദ്ര നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ, കേരള ചീഫ് സെക്രട്ടറി വി.പി. ജോയ്, കേന്ദ്ര നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി, സംസ്ഥാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിജു പ്രഭാകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ എന്നിവർ സംസാരിച്ചു. നഗരകാര്യ മന്ത്രാലയം സ്പെഷൽ ഡ്യൂട്ടി ഓഫിസർ ജയ്ദീപ് നന്ദി പറഞ്ഞു. ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ കാഴ്ചവെച്ച മികവിനുള്ള പുരസ്കാരം ഗവർണർ കൈമാറി.
സിറ്റി സർവിസിലൂടെയുള്ള പൊതുഗതാഗതത്തിലെ മികച്ച ആസൂത്രണം, ഗ്രാമവണ്ടിയിലെയും നഗര സേവനങ്ങളിലെയും ശ്രദ്ധേയമായ പൊതുജന പങ്കാളിത്തം എന്നിവക്ക് തിരുവനന്തപുരം പുരസ്കാരം കരസ്ഥമാക്കി. അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിലെ മികച്ച എക്സ്പോക്കുള്ള പുരസ്കാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.