മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗംഗാവാലി നദിയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേരെയും ലോറിയും കണ്ടെത്താനുള്ള തിരച്ചിൽ പ്രതീക്ഷയോടെ പുരോഗമിക്കുന്നു.
നാവികസേന അടയാളപ്പെടുത്തിയ അടുത്ത മൺതിട്ട പോയന്റിനടിയിൽ ആ ലോറി ഉണ്ടാകാമെന്നതിന്റെ സൂചനയായി അക്കേഷ്യ മരത്തടികൾ കണ്ടെത്തി. ഇവ അർജുൻ ഓടിച്ച തന്റെ ലോറിയിൽ ലോഡ് ചെയ്തവയിലേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിനും സർക്കാർ ക്രമീകരണങ്ങൾക്കും വിഘാതമാവരുതെന്ന ജില്ല ഭരണകൂടത്തിന്റെ നിർദേശത്തിൽ അതൃപ്തനായി ഈശ്വർ മൽപെ തിരച്ചിൽ നിർത്തി ഉഡുപ്പിയിലേക്ക് മടങ്ങി.
മൂന്നുദിവസ കരാറിലാണ് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചതെങ്കിലും ദൗത്യം ലക്ഷ്യം കാണാൻ എത്ര ദിവസം വരെയും കരാർ നീട്ടാൻ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് മന്ത്രിയും ഭട്കൽ എം.എൽ.എയുമായ മംഗൾ വൈദ്യ ഗംഗാവാലി നദിക്കരയിൽ മാധ്യമങ്ങളോട് പറഞ്ഞു. കാണാതായ മൂന്നുപേരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ മൂന്നാംഘട്ട തിരച്ചിൽ ദൗത്യത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച സാക്ഷ്യം വഹിച്ചു. ആദ്യ രണ്ടുഘട്ട തിരച്ചിലുകളിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ നാവികസേന തിങ്കളാഴ്ച മുതൽ തിരച്ചിലിൽ ചേരും.
ഗോവയിൽനിന്ന് ഡ്രഡ്ജറിനൊപ്പം എത്തിയ മുങ്ങൽ വിദഗ്ധനും ഉണ്ട്. ആവശ്യമെങ്കിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടും. കാർവാർ എം.എൽ.എ സതീഷ് ചന്ദ്ര സെയിൽ, ജില്ല ഡെപ്യൂട്ടി കമീഷണർ ലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിലാണ് തിരച്ചിൽ ദൗത്യം പുരോഗമിക്കുന്നത്. മണ്ണിടിച്ചിൽ നടന്ന ദിവസം ഗംഗാവാലി നദിയിലേക്ക് തെറിച്ചുവീണ കാപ്സ്യൂൾ ടാങ്ക് വേർപെട്ട ടാങ്കർ ലോറിയുടെ ഭാഗങ്ങളാണ് ഞായറാഴ്ചയും ഈശ്വർ മൽപെ മുങ്ങിയെടുത്തത്. നാവിക സേന അടയാളപ്പെടുത്തിയ മൂന്ന് പോയന്റുകളിൽ നിന്നാണിത്. ജില്ല ഭരണകൂടം സർക്കാർ നിർദേശങ്ങൾ പാലിച്ചും എം.എൽ.എമാരായ സതീഷ് സെയിൽ, എ.കെ.എം. അഷ്റഫ് എന്നിവരുടെ അഭിപ്രായങ്ങൾ മുഖവിലക്കെടുത്തുമാണ് തിരച്ചിൽ ക്രമീകരിക്കുന്നത്.
ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് നീക്കിയാൽ മാത്രമേ തിരച്ചിൽ ലക്ഷ്യം കാണുകയുള്ളൂയെന്ന വിദഗ്ധ അഭിപ്രായത്തെത്തുടർന്നാണ് കർണാടക സർക്കാർ 96 ലക്ഷം രൂപ മുടക്കി ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചത്. എന്നാൽ, ഞായറാഴ്ച രാവിലെ എട്ടോടെ ഈശ്വർ മൽപെ സ്വതന്ത്ര തിരച്ചിൽ ദൗത്യവുമായി മുങ്ങിയത് ഡ്രഡ്ജിങ് കമ്പനി അധികൃതരുടെ അതൃപ്തിക്ക് വഴിവെച്ചു. മാധ്യമങ്ങൾക്കുമുന്നിൽ ‘ഹീറോ’ ചമയുന്ന മൽപെയുടെ ശൈലിയും സ്വന്തം യൂട്യൂബ് ചാനൽ താൽപര്യവും ഉന്നതതല യോഗത്തിൽ ചർച്ചയായിരുന്നു.
ശനിയാഴ്ച ടാങ്കര് ലോറിയുടെ കാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഈശ്വർ ഞായറാഴ്ച ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ആക്ടിവ സ്കൂട്ടറും അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന അക്കേഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറയുകകൂടി ചെയ്തതോടെ പൊലീസ് ഇടപെടുകയായിരുന്നു. ജില്ല ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും നേരിട്ടുള്ള വിവരകൈമാറ്റം വേണ്ടെന്ന് നിർദേശം ലഭിച്ചതായും പറഞ്ഞതാണ് മൽപെയെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.