ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയെ തുടർന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ യുവാക്കള്‍ക്ക് മൂന്നു വർഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശിപാർശയുമായി സൈന്യം. യുവാക്കൾക്ക് ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്നതിലൂടെ സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്നും കരസേന വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് കരസേന മുന്നോട്ടുവെക്കുന്ന ‘ ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന പദ്ധതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി സൈന്യത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും വേണ്ടിയാണ് ഈ പദ്ധതി. ടൂര്‍ ഓഫ് ഡ്യൂട്ടി യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ‘ ഇത് നിർബന്ധിത സൈനിക സേവനമല്ല. താൽപര്യമുള്ളവർക്ക് സ്വമേധയാ സൈനിക സേവനം ചെയ്യാനുള്ള പദ്ധതിയാണ്. നിലവിൽ സൈനികരെ തെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ 100 ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കും’’ - സൈനിക വക്താവ് അറിയിച്ചു.
സൈനിക സേവനത്തിെൻറ രീതികളിലുള്ള നിബന്ധനകളിലും ഇളവനുവദിക്കില്ല. ഈ മൂന്നുവര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം. ഈ മൂന്നുവര്‍ഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സൈന്യം കേന്ദ്രസർക്കാറിന് സമർപ്പിച്ച നിർദേശങ്ങളിൽ ആവശ്യപ്പെടുന്നു. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ടൂര്‍ ഓഫ് ഡ്യൂട്ടി നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.
നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ വ്യവസ്ഥയില്‍ സൈന്യത്തില്‍ പ്രവേശിക്കുന്നവര്‍ 10 മുതല്‍ 14 വര്‍ഷത്തിന് ശേഷം വിരമിക്കും. തങ്ങളുടെ 30-ാം വയസില്‍ ഇവര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമടക്കം വലിയൊരു തുകയാണ് ഇവര്‍ക്കായി പ്രതിരോധ മന്ത്രാലയം ചെലവിടുന്നത്. പരിശീലനം നൽകുന്നതിന് ഉൾപ്പെടെ അഞ്ചുകോടി മുതല്‍ 6.8 കോടി രൂപവരെയാണ് ഈ കാലയളവിൽ സൈനികനുവേണ്ടി രാജ്യം ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. മൂന്നുവര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി ആകുമ്പോള്‍ ചെലവ് 80 മുതല്‍ 85 ലക്ഷം വരെ മാത്രമേ ആകുകയുള്ളുവെന്നാണ് കണക്കുകൂട്ടൽ. പരീക്ഷണമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്തി, വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാമെന്നുമാണ് സൈന്യം മുന്നോട്ട്വെക്കുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.