മുംബൈ: റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒ പാർഥ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്ന് തരൂർ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
ശശി തരൂർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഇപ്പോൾ വിവാദമായിരിക്കുന്ന ചോർന്ന വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) "രാജ്യസ്നേഹി"യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം "നമ്മൾ വിജയിച്ചു" എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.
ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.