അറസ്റ്റ് ചെയ്യാതിരുന്നത് തെളിവില്ലാത്തതിനാൽ; കുക്കി സ്ത്രീകൾക്കെതിരായ ആക്രമണത്തിൽ വിശദീകരണവുമായി മണിപ്പൂർ പൊലീസ്

ഇംഫാൽ: മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടാബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ മതിയായ തെളിവുകൾ ഇല്ലാതിരുന്നതാണ് അറസ്റ്റ് വൈകാൻ കാരണമായതെന്ന് മണിപ്പൂർ പൊലീസ്. മെയ്‌ നാലിന് നടന്ന സംഭവത്തിൽ ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, അക്രമം നടന്ന മെയ്‌ നാലിന് ആയുധങ്ങൾ കൊള്ളയടിക്കാൻ എത്തിയ ഒരു സംഘം ആളുകൾ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസുകാരെല്ലാം സ്റ്റേഷൻ സംരക്ഷിക്കുന്ന തിരക്കിലായിരുന്നുവെന്നുമാണ് തൗബൽ പൊലീസ് സൂപ്രണ്ട് സച്ചിദാനന്ദ പറയുന്നത്.

മെയ്തെയ് വിഭാഗക്കാർ തങ്ങളുടെ ഗ്രാമം ആക്രമിക്കുന്ന സമയത്ത് പൊലീസുണ്ടായിരുന്നു എന്ന് ഒരു അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്രമിസംഘത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച തങ്ങളെ പൊലീസ് വാഹനത്തിൽ കയറ്റി കുറച്ചുദൂരം കൊണ്ടുപോകുകയും ശേഷം ആൾക്കൂട്ടത്തിനടുത്ത് ഉപേക്ഷിക്കുകയുമായിരുന്നു എന്നും സ്ത്രീകൾ പറഞ്ഞിരുന്നു.

ഗ്രാമത്തലവനായ തങ്‌ബോയ് വൈഫെയ് നൽകിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മേയ് 3 ന് ചുരാചന്ദ്പൂരിൽ ആദ്യത്തെ അക്രമ സംഭവങ്ങൾ നടന്നപ്പോൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഉദ്യോഗസ്ഥർ വരികയും ചെയ്തു. എന്നാൽ മെയ് 4 ന് വിളിച്ചപ്പോൾ പൊലീസ് സ്റ്റേഷൻ രക്ഷിക്കേണ്ടതിനാൽ വരാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും വൈഫെയ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

മെയ്തെയ് വിഭാഗത്തിലെ സ്ത്രീകളെ കുക്കി വിഭാഗക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് കുക്കി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം നടക്കുന്നത്.

Tags:    
News Summary - Arrest delayed due to lack of evidences says Manipur Police on violence against Kuki women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.