നീറ്റ് അട്ടിമറിക്ക് വർഗീയ നിറം നൽകാൻ ശ്രമം: അറസ്റ്റിലായ 30ലേറെ പേരിൽ മൂന്നുപേരുടെ മതംനോക്കി പ്രചാരണം

ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുകയും പാർലമെന്റിൽ വരെ ആളിക്കത്തുകയും ചെയ്ത നീറ്റ് പരീക്ഷാ ക്രമക്കേടിന് വർഗീയ നിറം നൽകാൻ ഹിന്ദുത്വ ശ്രമം. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയും പൊലീസും അറസ്റ്റ് ചെയ്തവരിൽ ചിലരുടെ മാത്രം മതം നോക്കി അവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടാണ് വർഗീയപ്രചാരണം.

ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (NEET-UG) പരീക്ഷയിലാണ് ചോദ്യപ്പേപ്പർ ചോർച്ചയടക്കം ഗുരുതര ക്രമക്കേടുകൾ നടന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണം ആദ്യം പൊലീസും പിന്നീട് സി.ബി.ഐയും ഏറ്റെടുത്തു. ഇതിനകം 30ലേറെ പേരാണ് ക്രമ​ക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.


എന്നാൽ, ഇവരിൽ മുസ്‍ലിംകളായ മൂന്നുപ്രതികളു​ടെ പേര് മാത്രം ഉയർത്തിക്കാണിച്ചാണ് വർഗീയ പ്രചാരണം നടക്കുന്നത്. തീവ്ര ഹിന്ദുത്വ സോഷ്യൽ മീഡിയ അക്കൗണ്ടുകളും സംഘ്പരിവാർ ബന്ധമുള്ള ഓൺലൈൻ വാർത്താ പോർട്ടലുകളുമാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. തീവ്ര വലതുപക്ഷ അക്കൗണ്ടായ റോഷൻ സിൻഹ (@MrSinha) ജൂൺ 29 ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇങ്ങനെ:

“നീറ്റ് യുജി പേപ്പർ ചോർച്ച കേസിൽ ഇതുവരെ സിബിഐ നടത്തിയ അറസ്റ്റുകൾ: -പ്രഭാത് ഖബർ ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്ന എം.ഡി ജമാലുദ്ദീൻ, ഡോ. ഇഹ്സനുൽ ഹഖ്, പ്രിൻസിപ്പൽ ഒയാസിസ് സ്കൂൾ, ഇംതിയാസ് ആലം, വൈസ് പ്രിൻസിപ്പൽ ഒയാസിസ് സ്കൂൾ. അത്തരം ഏതാനും അറസ്റ്റുകൾ കൂടി നടന്നതോടെ പ്രതിപക്ഷം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് നിർത്തിയത് എങ്ങനെയെന്ന് നോക്കൂ...!!” എന്നായിരുന്നു ട്വീറ്റ്.




അറസ്റ്റിലായവർ മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരായതിനാൽ പ്രതിപക്ഷം ഇനി വിഷയം കൈകാര്യം ചെയ്യില്ലെന്നാണ് ഇയാൾ പരോക്ഷമായി പറഞ്ഞുവെച്ചത്. മുസ്ലീങ്ങളെ ലക്ഷ്യമിട്ട് വ്യാജങ്ങളും ബിജെപി അനുകൂല ക്യാപ്സ്യൂളുകളും സോഷ്യൽ മീഡിയയിൽ പതിവായി പ്രചരിപ്പിക്കുന്നയാളാണ് റോഷൻ സിൻഹ. ഇതുപോലെ നിരവധി അക്കൗണ്ടുകളിൽനിന്നും ഓൺലൈൻ പോർട്ടലുകളിൽനിന്നും സമാന പ്രചാരണം നടന്നിട്ടുണ്ട്.

മുസ്‍ലിംകൾ മാത്രമോണോ അറസ്റ്റിലായത്? യാഥാർഥ്യമെന്ത്?

സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുമ്പ് ബീഹാർ, ഗുജറാത്ത് പൊലീസാണ് കേസുകൾ കൈകാര്യം ചെയ്തിരുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് പേപ്പർ ചോർച്ച കേസുകളുമായി ബന്ധപ്പെട്ട് നിരവധി വ്യക്തികളെ പൊലീസ് അറസ്റ്റ് ചെയ്തതായി ജൂൺ 21 ന് വാർത്തയുണ്ടായിരുന്നു. ഇതിൽ ഒരാൾ പോലും മുസ്‍ലിം സമുദായാംഗമായിരുന്നില്ല.

ജൂൺ 27നാണ് സി.ബി.ഐ ആദ്യ അറസ്റ്റ് നടത്തിയത്. അതിനുശേഷം നിരവധി വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 30 ലധികം പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 1 ലെ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ ഇതുവരെ അറസ്റ്റിലായവരുടെ പേരുകൾ നൽകിയിരുന്നു. നേരത്തെ പറഞ്ഞ മൂന്ന് മുസ്‍ലിംകൾക്ക് പുറമേ മുസ്‍ലിംകളല്ലാത്ത 15 പേരും പ്രതികളലുണ്ട്. പട്ന സ്വദേശികളായ മനീഷ് പ്രകാശ്, അശുതോഷ് കുമാർ, പുരുഷോത്തം ശർമ്മ, ഗോധ്ര സ്വദേശി തുഷാർ ഭട്ട്, ​ഗോധ്ര ജയ് ജൽറാം സ്കൂൾ മാനേജർ ദീക്ഷിത് പട്ടേൽ, ബിഹാർ ഷെരീഫ് സ്വദേശി ബൽദേവ് കുമാർ, വഡോദര സ്വദേശി പരശുറാം റോയി തുടങ്ങിയവർ ഉദാഹരണം. സഞ്ജീവ് മുഖിയ എന്ന വ്യക്തിയാണ് ബീഹാറിലെ പേപ്പർ ചോർച്ച കേസിന് പിന്നിലെ മുഖ്യ സൂത്രധാരനെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നീറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ പട്ടിക ടൈംസ് ഓഫ് ഇന്ത്യയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഹിന്ദുത്വ ട്വീറ്റുകളിൽ പരാമർശിച്ച ഡോ. ഇഹ്‌സാനുൽ ഹഖ്, ഇംതിയാസ് ആലം, എംഡി ജമാലുദ്ദീൻ എന്നിവരെ ജൂൺ 28, 29 തീയതികളിലാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇതിന് മുമ്പ് ജൂൺ 21ന് ബിഹാർ പൊലീസ് 13 പേരെയും ഗുജറാത്ത് പോലീസ് അഞ്ച് പേരെയും അതത് സംസ്ഥാനങ്ങളിലെ പേപ്പർ ചോർച്ച കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എല്ലാവരെയും പിന്നീട് സി.ബി.ഐ കസ്റ്റഡിയിലേക്ക് മാറ്റി. ഇതുവരെ 30ലധികം പേർ അറസ്റ്റിലായ നീറ്റ് അട്ടിമറി​ക്കേസിൽ മൂന്ന് മുസ്‍ലിം പേരുകൾ മാത്രം തെരഞ്ഞെടുത്ത് നിരവധി സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഉപയോക്താക്കൾ പുറത്തുവിട്ടതിന്റെ ലക്ഷ്യം, വിഷയം വഴിതിരിച്ചുവിട്ട് സർക്കാറിന്റെ മുഖം രക്ഷിക്കലായിരുന്നുവെന്ന് വ്യക്തം.

Tags:    
News Summary - Arrested persons in NEET scam all Muslims? No, the viral claims are misleading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.