ആർട്ടിക്ക്ൾ 370 എന്നെന്നേക്കുമായി പോയി, ഒരിക്കലും തിരിച്ചുവരില്ല -കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

ശ്രീനഗർ: ആർട്ടിക്ക്ൾ 370 എന്നെന്നേക്കുമായി പോയെന്നും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആർട്ടിക്ക്ൾ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയുടെയുടെയും മെഹബൂബ മുഫ്തിയുടെയും പ്രസ്താവനകളെ പരിഹസിച്ചാണ് താക്കൂർ രംഗത്തുവന്നത്.

'ചൈനയുടെ സഹായം തേടുമെന്ന് ഫാറൂഖ് അബ്ദുല്ല പറയുന്നു. ഭീകരതയുടെ വിതരണക്കാരായ പാകിസ്ഥാന്‍റെ സഹായം തേടുമെന്ന് മെഹ്ബൂബ മുഫ്തി പറയുന്നു. ആർട്ടിക്ക്ൾ 370 തിരികെ കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. പക്ഷേ അത് എന്നെന്നേക്കുമായി പോയി, ഒരിക്കലും തിരിച്ചുവരില്ല' -താക്കൂർ പറഞ്ഞു. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ഡി.ഡി.സി തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിന് മുന്നോടിയായി ബുഡ്ഗാം ജില്ലയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങളുടെ കുട്ടികളെ അബ്ദുല്ലയുടെയും മുഫ്തിയുടെയും കുട്ടികളുമായി താരതമ്യപ്പെടുത്തൂ. നേതാക്കൾ സ്വന്തം കുട്ടികൾക്ക് വിദ്യാഭ്യാസവും വികസനവും ഉറപ്പുവരുത്തുമ്പോൾ, ദരിദ്രരുടെ മക്കൾ ആയുധമെടുക്കാൻ നിർബന്ധിതരാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതിലൂടെ ജമ്മു കശ്മീരിൽ വിദ്യാഭ്യാസം, തൊഴിൽ, വികസനം എന്നിവ ഉറപ്പാക്കും. ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെന്നപോലെ ബി.ജെ.പി ഇവിടെയും വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്ള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരുന്നു. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്‍റെ പേര്. സഖ്യത്തിന്‍റെ നേതാവായി ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്‌ദുള്ളയെ തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്‌തിയാണ് വൈസ് പ്രസിഡന്‍റ്. സി.പി.എം നേതാവ് യൂസുഫ് തരിഗാമിയാണ്‌ കണ്‍വീനര്‍. 

Tags:    
News Summary - 'Article 370 has gone forever and will never come back', says Union Minister Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.