370ാം വകുപ്പ് ഒരിക്കലും തിരിച്ചുവരില്ല, അതിന് സമ്മതിക്കില്ല; അമിത് ഷാ

ശ്രീനഗർ: ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടനപ​ത്രിക പുറത്തിറക്കി ബി.ജെ.പി. ജമ്മുകശ്മീരിന്റെ 370ാം വകുപ്പ് കഴിഞ്ഞുപോയ സംഭവമാണെന്നും ഇനിയൊരിക്കലും അത് തിരിച്ചുകൊണ്ടു വരില്ലെന്നും അതിന് സമ്മതിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോൾ അത് ഭരണഘടനയുടെ ഭാഗമല്ല. യുവാക്കളുടെ കൈയിൽ ആയുധങ്ങളും കല്ലുകളും നൽകിയത് 370ാം വകുപ്പ് ആണ്. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിട്ട വിട്ട വിഘടന വാദത്തിന്റെ ആത്മാവാണത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് മോദി സർക്കാറിന്റെപ്രധാന ഭരണനേട്ടമായും അമിത് ഷാ വിശേഷിപ്പിച്ചു.

ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കുമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെയാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2014 വരെ ജമ്മുകശ്മീർ വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും നിഴലിൽ തുടർന്നു. മറ്റ് സംസ്ഥാനങ്ങളും ജമ്മുകശ്മീരിനെ അസ്ഥിരമാക്കി. എന്നാൽ 2014നു ശേഷമുള്ള വർഷങ്ങളിൽ ജമ്മുകശ്മീരിന്റെ ചരിത്രം എഴുതപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് ബി.ജെ.പി ഊന്നൽ നൽകുന്നതെന്നും അമിത് ഷാ സൂചിപ്പിച്ചു. ജമ്മുകശ്മീരിലെ എല്ലാ വീടുകളിലെയും ഏറ്റവും മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപ നൽകുന്ന മാ സമ്മാൻ യോജന നടപ്പാക്കും. ബാങ്ക് വായ്പകളുടെ പലിശ വിഷയത്തിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സംസ്ഥാന സർക്കാർ മുഖേന സഹായം നൽകും. ഉജ്ജ്വല പദ്ധതി പ്രകാരം പ്രതിവർഷം രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകും . പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര റോസ്ഗാർ യോജന വഴി ജമ്മു കശ്മീരിൽ സർക്കാർ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രഗതി ശിക്ഷാ യോജനയ്ക്ക് കീഴിൽ കോളേജ് വിദ്യാർഥികൾക്ക് യാത്രാ അലവൻസായി ഡി.ബി.ടി വഴി പ്രതിവർഷം 3,000 രൂപ നൽകും. പ്രഗതി ശിക്ഷാ യോജന പ്രകാരം കോളേജ് വിദ്യാർഥികൾക്ക് പ്രതിവർഷം 3000 രൂപ യാത്ര അലവൻസായി നൽകും.

സംസ്ഥാന, കേന്ദ്ര സർക്കാർ പരീക്ഷകൾക്ക് തയാറെടുക്കു വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ നൽകും. രണ്ട് വർഷത്തേക്കും 10,000 രൂപ കോച്ചിങ് ഫീസ് റീ ഇംബേഴ്സ്മെന്റും നൽകും. അതുപോലെ പരീക്ഷ കേന്ദ്രത്തിലേക്കും യാത്ര ചെലവും വഹിക്കും. ഇതൊക്കെയാണ് ബി.ജെ.പിയുടെ പ്രകടന പത്രികയിലുള്ളത്.

കശ്മീരി പണ്ഡിറ്റുകൾക്കുള്ള പുനരധിവാസ പദ്ധതിയെ കുറിച്ചും പ്രകടന പത്രികയിൽ പരാമർശിക്കുന്നുണ്ട്.

Tags:    
News Summary - Article 370 will never return says Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.