ജനാധിപത്യത്തെ വിജയിപ്പിക്കാനാവണം ഓരോ വോട്ടും -കെജ്‍രിവാൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, ജനാധിപത്യത്തിന്റെ വിജയത്തിനായി വോട്ട് രേഖപ്പെടുത്തണമെന്നഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ജനാധിപത്യത്തിന്റെ ഈ ഉൽസവത്തിൽ ഏകാധിപത്യത്തെ തകർത്തെറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആരും വോട്ട് ചെയ്യാതിരിക്കരുത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ളതാകണം ഓരോ പൗരന്റെയും വോട്ട്. അവനവൻ വോട്ട് ചെയ്യുന്നതിനൊപ്പം അയൽക്കാരും സമ്മതിദാനാവകാശം വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കെജ്‍രിവാൾ ആവശ്യപ്പെട്ടു. ഇടക്കാല ജാമ്യ കാലയളവ് അവസാനിക്കുന്നതോടെ കെജ്രിവാൾ നാളെ തിഹാർ ജയിലിലേക്ക് മടങ്ങും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കെജ്രിവാളിന് സുപ്രീംകോടതി അനുവദിച്ചത്.

ഏഴാംഘട്ടത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗന്ത് മാൻ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബി.ജെ.പിയുടെ മിഥുൻ ചക്രബർത്തി, ആർ.ജെ.ഡിയുടെ ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി എന്നിവരും വോട്ട് രേഖപ്പെടുത്തി.

ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് ഏഴാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് മൂന്നാംതവണയാണ് മോദി മത്സരിക്കുന്നത്. കോൺ​ഗ്രസിന്റെ അജയ് റായ് ആണ് മോദിയുടെ എതിരാളി.

57 ലോക്സഭ സീറ്റുകളിലേക്കായി 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജൂൺ രണ്ടിന് അറിയാൻ കഴിയും.

പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, ഛണ്ഡീഗഡ് സംസ്ഥാനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. കങ്കണ റണാവുത്ത്, അനുരാഗ് താക്കൂർ, വിക്രമാദിത്യ സിങ്, കേന്ദ്രമന്ത്രി ആർ.കെ. സിങ്, മുതിർന്ന ബി.ജെ.പി നേതാവ് രവി ശങ്കർ പ്രസാദ്, മിസ ഭാരതി എന്നിവരും ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Arvind Kejriwal appeals to ‘vote for democracy win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.