ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രമേഹം വർധിപ്പിക്കാൻ മനപൂർവം മധുരം കഴിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മനപൂർവം മാങ്ങ കഴിച്ച് കെജ്രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയാണെന്നാണ് ഇ.ഡിയുടെ ആരോപണം. ജാമ്യം കിട്ടാനായുള്ള കെജ്രിവാളിന്റെ നീക്കമാണിതെന്നും ഇ.ഡി ആരോപിച്ചു.
പ്രമേഹബാധിതനായ തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണമെന്നും തനിക്ക് ഡോക്ടറുടെ സേവനം നൽകണമെന്നും കാണിച്ച് കെജ്രിവാൾ ഡൽഹി കോടതിയിൽ ഹരജി നൽകിയിരുന്നു. ആഴ്ചയിൽ മൂന്നുതവണ വിഡിയോ കോൺഫറൻസ് വഴി ഡോക്ടറുടെ സേവനം നൽകണമെന്നായിരുന്നു കെജ്രിവാൾ ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കവെയാണ് കോടതിയിൽ ഇ.ഡിയുടെ വാദം. ഇ.ഡിക്ക് വേണ്ട് സൊഹബ് ഹുസൈൻ ആണ് ഹാജരായത്.
കെജ്രിവാളിന് വേണ്ടി അഭിഭാഷകനായ വിവേക് ജെയിനും ഹാജരായി. ഗാലറിയിൽ നിന്ന് കളികാണുകയാണ് ഇ.ഡി അഭിഭാഷകനെന്നും മാധ്യമങ്ങൾക്കായി പ്രസ്താവന ചമക്കുകയാണെന്നും വിവേക് ജെയിൻ ആരോപിച്ചു.കെജ്‌രിവാളിന്റെ ഭക്ഷണക്രമം സംബന്ധിച്ച് ജയിൽ അധികൃതരോട് മെഡിക്കൽ റിപ്പോർട്ട് തേടിയ കോടതി ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
അതിനിടെ, നിയമസഭാംഗങ്ങളുമായും കാബിനറ്റ് മന്ത്രിമാരുമായും വിഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്താൻ കെജ്രിവാളിനെ അനുവദിച്ചുകൊണ്ട് ഡൽഹിയിൽ കാര്യക്ഷമമായ ഭരണം നടത്താൻ ജയിൽ ഡയറക്ടർ ജനറലിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിട്ടുണ്ട്.
മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ തിഹാർ ജയിലിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ നീട്ടിയിരുന്നു. അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കാനായി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.