ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ് രി​വാ​ളി​ന്റെ വ​സ​തി​യി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു

പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി കെജ്രിവാൾ; രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: ദിവസം മുഴുവൻ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ്ചെയ്തതിനെയതിരെ പ്രതിഷേധം കനക്കുന്നു. ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കടുത്ത പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തകർ തെരുവിലിറങ്ങി.

കോൺഗ്രസ്, സി.പി.എം, ഡി.എം​.കെ തുടങ്ങി പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധമുയർത്തിയ എ.എ.പി എം.എൽ.എമാരെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഇ.ഡി സംഘം കെജ്രിവാളിന്റെ വസതിയിലെത്തി വ്യാഴാഴ്ച രാത്രി 9.15ഓടെ അറസ്റ്റ് ചെയ്തത്. പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്‍രിവാൾ.

വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടുമെന്ന് ഇ.ഡി അറിയിച്ചു. അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാർട്ടി അറിയിച്ചു.

സെർച് വാറന്‍റുമായാണ് കെജ്രിവാളിന്റെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് ഇ.ഡി സംഘം എത്തിയത്. പുതിയ സമൻസ് നൽകാനാണെന്നും സെർച് വാറന്‍റ് ഉണ്ടെന്നുമാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്.

പാർട്ടി പ്രവർത്തകരും വസതിക്കു സമീപം തടിച്ചുകൂടിയിരുന്നു. വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിരുന്നു. വസതിയിൽ കെജ്രിവാളിനെ ചോദ്യംചെയ്ത 12 അംഗ സംഘം അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോണുകൾ പിടിച്ചെടുത്തു. ലാപ്ടോപ്പിലെയും ടാബ്‍ലറ്റിലെയും വിവരങ്ങൾ പകർത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഇ.ഡി നേരത്തേ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്രിവാൾ അവഗണിക്കുകയായിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യംചെയ്ത് കെജ്രിവാൾ നേരത്തേ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റിൽനിന്ന് സംരക്ഷണം തേടി. ഈ ഹരജി ആദ്യ ഹരജിക്കൊപ്പം ഏപ്രിൽ 22ന് പരിഗണിക്കാനായി മാറ്റി. മറുപടി നൽകാൻ ഇ.ഡിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് വസതിയിൽ ഇ.ഡി സംഘം എത്തിയത്.

ഡൽഹിയിലെ വിവാദ മദ്യനയത്തിൽ അഴിമതി, കള്ളപ്പണ ഇടപാട് എന്നിവക്ക് കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി നേരത്തേ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആപ് നേതാവ് സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ. കവിതയും ജയിലിലായി.

കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് മോദിസർക്കാറിന്‍റെ നീക്കമെന്ന് ആപ് പലവട്ടം കുറ്റപ്പെടുത്തിയിരുന്നു. കെജ്രിവാളിന്‍റെ പേര് ഇ.ഡിയുടെ കുറ്റപത്രത്തിൽ പലവട്ടം പരാമർശിച്ചിട്ടുണ്ട്.

Tags:    
News Summary - Arvind Kejriwal India's First Incumbent Chief Minister To Be Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.