മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരനും ഇടനിലക്കാരനും കെജ്രിവാൾ ആണെന്ന് ഇ.ഡി കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ അരവിന്ദ് കെജ്‍രിവാൾ ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)കോടതിയിൽ. കേസിൽ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. ഇ.ഡിക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് കോടതിയിൽ ഹാജരായത്. കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയും ഹാജരായി. കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ഇ.ഡിയുടെ ആവശ്യം.

അനുകൂലമായി മദ്യനയം രൂപീകരിക്കുന്നതിന് കെജ്രിവാൾ സൗത്ത് ഗ്രൂപ്പിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും കോടികൾ കൈക്കൂലി വാങ്ങാനാണ് മദ്യനയം രൂപീകരിച്ചതെന്നും ഇ.ഡി വാദിച്ചു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എ.എ.പി ഉദ്യോഗസ്ഥൻ വിജയ് നായരും ഉൾപ്പെടെയുള്ള സൗത്ത് ഗ്രൂപ്പിനും മറ്റ് പ്രതികൾക്കും ഇടയിലുള്ള ഇടനിലക്കാരനാണ് കെജ്‌രിവാളെന്ന് ഏജൻസി അവകാശപ്പെട്ടു. 100 കോടി രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. അതിന്റെ ഒരു ഭാഗം എ.എ.പി​ ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു.

എന്നാൽ കെജ്രിവാൾ ആരോപണം നിഷേധിച്ചു. അനധികൃതമായി പണം സമ്പാദിച്ചതിന് ​ഒരു തെളിവും ഇ.ഡിക്ക് കണ്ടെടുക്കാനായിട്ടില്ലെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഇ.ഡിക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും സിങ്‍വി കോടതിയെ അറിയിച്ചു. വസ്തുതകൾക്ക് അപ്പുറത്തുള്ള ചില കാര്യങ്ങൾ പറയാനുണ്ട്. പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് ചോദ്യം ചെയ്യാൻ അവകാശമുണ്ട്. എന്നാൽ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മദ്യനയവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഒന്ന് സി.ബി.ഐ കേസും മറ്റൊന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും.

Tags:    
News Summary - Arvind Kejriwal is the main conspirator in the Delhi liquor policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.