ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസും ബി.ജെ.പിയും.
ആം ആദ്മി പാർട്ടി നേതാക്കളുടെ അഴിമതി വിഷയം പാർട്ടി പലതവണ ഉന്നയിച്ചിരുന്നതായി ബി.ജെ.പി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്‍റെ പാർട്ടിയിലെ നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ എപ്പോഴും മൗനം പാലിക്കുകയാണ്. പഞ്ചാബിൽ എ.എ.പി മന്ത്രിയെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് ഡൽഹിയിൽ ആരോഗ്യ മന്ത്രി അറസ്റ്റിലാകുന്നത്. കെജ്രിവാൾ ഈ വിഷയങ്ങളിൽ പ്രതികരിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുണ്ട്. എപ്പോഴും സത്യസന്ധതയെ കുറിച്ച് മാത്രം സംസാരിക്കുന്ന എ.എ.പി ദേശീയ കൺവീനർ മന്ത്രിയെ എപ്പോഴാണ് പുറത്താക്കുന്നതെന്ന് ആളുകൾക്ക് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ അറസ്റ്റ് ഇ.ഡി സ്വീകരിച്ച ശരിയായ നടപടിയാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽകുമാർ പ്രതികരിച്ചു. ജെയിനിനെ നേരത്തെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും വർഷങ്ങളായി കെജ്രിവാൾ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിങ്കളാഴ്ചയാണ് സത്യേന്ദ്ര ജെയിനിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗിച്ചെന്നാണ് ഇ.ഡി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.