അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ വിൽപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വിൽപത്രത്തിൽ തന്റെ ജോലിക്കാർക്കായി മൂന്ന് കോടിയിലധികം രൂപയാണ് രത്തൻ ടാറ്റ മാറ്റി വെച്ചതെന്നാണ് റിപ്പോർട്ട്. ഏഴ് വർഷമോ അതിൽ കൂടുതലോ തന്നോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാർക്ക് 15 ലക്ഷം രൂപ വിതരണം ചെയ്യാൻ വിൽപത്രത്തിൽ നിർദ്ദേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ സേവന വർഷങ്ങളുടെ അനുപാതത്തിൽ ആയിരിക്കും തുക വിതരണം ചെയ്യുക.
പാർട്ട് ടൈം സഹായികൾക്കും കാർ ക്ലീനർമാർക്കും ഒരു ലക്ഷം വിതരണം ചെയ്യണമെന്നും വിൽപത്രത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ടാറ്റ തന്റെ 3800 കോടി മൂല്യമുള്ള എസ്റ്റേറ്റിന്റെ ഭൂരിഭാഗവും രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ട്രസ്റ്റിനുമാണ് നൽകിയത്. എങ്കിലും ദീർഘകാലം തന്‍റെ കൂടെ ജോലി ചെയ്ത ജീവനക്കാർക്ക് വിൽപത്രത്തിൽ അദ്ദേഹം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, രത്തൻ ടാറ്റ തന്റെ ദീർഘകാല പാചകക്കാരനായ രാജൻ ഷാക്കായി ഒരു കോടി രൂപയാണ് വിൽപത്രത്തിൽ നീക്കിവെച്ചത്. അതിൽ 51 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളലും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ബട്ട്ലർ സുബ്ബയ്യ കോനാറിന് 66 ലക്ഷം ലഭിക്കും, അതിൽ 36 ലക്ഷം വായ്പ എഴുതിത്തള്ളലും ഉൾപ്പെടുന്നു. അതേസമയം സെക്രട്ടറി ഡെൽനാസ് ഗിൽഡറിന് 10 ലക്ഷം മാറ്റിവെച്ചു.
തന്റെ വസ്ത്രങ്ങൾ ദരിദ്രർക്കിടയിൽ വിതരണം ചെയ്യുന്നതിനായി എൻ.ജി.ഒകൾക്ക് ദാനം ചെയ്യണമെന്ന് രത്തൻ ടാറ്റ നിർദ്ദേശിച്ചിരുന്നു. തന്‍റെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ശാന്തനു നായിഡുവിന് കോർണൽ യൂനിവേഴ്സിറ്റിയിൽ എം.ബി.എക്ക് വേണ്ടി എടുത്തിരുന്ന ഒരു കോടി രൂപയുടെ വായ്പയും അദ്ദേഹം എഴുതിത്തള്ളി. ഡ്രൈവർ രാജു ലിയോണിന്‍റെ 18 ലക്ഷം രൂപയുടെ വായ്പ ഉൾപ്പെടെയുള്ള മറ്റ് വായ്പകളും എഴുതിത്തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.