ന്യൂഡൽഹി: ഈ ദിവസങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തോട് ബി.ജെ.പി സർക്കാർ വലിയ സ്നേഹമാണ് കാണിക്കുന്നതെന്ന് വഖഫ് ബിൽ ചർച്ചയിൽ കോൺഗ്രസ് എം.പി ഹൈബി ഈഡൻ. കേരളത്തിൽ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും വിഭജിക്കുക എന്നതാണ് ബി.ജെ.പി അജണ്ട.
മുനമ്പം ബി.ജെ.പിക്ക് രാഷ്ട്രീയ വിഷയമാണ്. നിലവിലെ ഭേദഗതി അനുസരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുകിട്ടുമോ എന്ന് വ്യക്തമല്ല. ഇതിനായി കാര്യമായ ഒരു നിർദേശവും ബില്ലിലില്ല. മുനമ്പത്തോടുള്ള സ്നേഹമല്ല, കേരളത്തിലെ കൃസ്ത്യൻ-മുസ്‍ലിം വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ബി.ജെ.പി അജണ്ടയെന്നും ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ ചർച്ചക്കിടെ ഹൈബി പറഞ്ഞു.
മണിപ്പൂരിൽ ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ടപ്പോൾ സി.ബി.സി.ഐയും കെ.സി.ബി.സിയും പറഞ്ഞത് കേൾക്കാത്ത സർക്കാർ ഈ വിഷയത്തിൽ മാത്രം ഇത്രയധികം തൽപ്പരരാകുന്നത് എന്താണ്. ആംഗ്ലോ ഇന്ത്യൻ സംവരണം, ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായ കടന്നാക്രമണം, ചാരിറ്റി ഫണ്ട് തടയൽ അടക്കമുള്ള വിഷയങ്ങളിൽ കെ.സി.ബി.സിയും സി.ബി.സി.ഐയും പ്രതികരിച്ചിരുന്നു. ആംഗ്ലോ ഇന്ത്യൻ സംവരണം തിരിച്ചുകൊണ്ടുവരാൻ ബി.ജെ.പിയെ താൻ വെല്ലുവിളിക്കുന്നു. കർണാടകയിലെ മതപരിവർത്തന നിയമം അടക്കം ക്രൈസ്തവരോട് വിവേചനപരമായി പെരുമാറുന്നതിന് ഉദാഹരണങ്ങൾ ഏറെയുണ്ട്.
കഴിഞ്ഞ ദിവസം പോലും ക്രൈസ്തവ പുരോഹിതരെ ഹിന്ദുത്വ തീവ്രവാദികൾ ആക്രമിച്ചു. മതപ്രചാരണത്തിന് ഭരണഘടന നൽകുന്ന അവകാശം ഉറപ്പാക്കുന്നതിന് ആർ.എസ്.എസിന്റെ കത്ത് ആവശ്യമുണ്ടോ എന്നും ഹൈബി ചോദിച്ചു.
ഇപ്പോൾ നിങ്ങൾ മുസ്‍ലിംകളെ ആക്രമിക്കുന്നു. ഇതിന് ശേഷം പ്രധാന നഗരകേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂസ്വത്തുമുള്ള ക്രിസ്ത്യാനികളെ തേടിവരും. ചർച്ച് ബില്ലിലൂടെ അടുത്ത ലക്ഷ്യം ക്രിസ്ത്യനികൾ ആയിരിക്കുമെന്നും ഹൈബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.