ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാൾ വ്യാഴാഴ്ച കോടതിയിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ഭാര്യ സുനിത കെജ്രിവാൾ. ബുധനാഴ്ച രാവിലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് സുനിത ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യനയ അഴിമതിക്കു പിന്നിലെ സത്യാവസ്ഥയും കിട്ടിയെന്ന് പറയപ്പെടുന്ന പണം എവിടെയാണെന്നുമുള്ള കാര്യങ്ങളാണ് കെജ്രിവാൾ കോടതിയിൽ വെളിപ്പെടുത്തുകയെന്ന് സുനിത മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽനിന്ന് മന്ത്രിമാരായ അതിഷിക്കും സൗരഭ് ഭരദ്വാജിനും ഉത്തരവ് നൽകിയതിൽ കെജ്രിവാളിനെ വിമർശിക്കുന്ന ബി.ജെ.പിയെ രൂക്ഷമായാണ് അവർ വിമർശിച്ചത്.
‘കഴിഞ്ഞ രണ്ടര വർഷത്തിനിടെ പറയപ്പെടുന്ന മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയതെന്ന് കെജ്രിവാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അഴിമതിയിലൂടെ ലഭിച്ചെന്ന് പറയുന്ന പണത്തിനുവേണ്ടിയുള്ള അന്വേഷണമായിരുന്നു. എന്നാൽ, ഇതുവരെ അനധികൃതമായി ഒരു നയാ പൈസ പോലും കണ്ടെത്താനായിട്ടില്ല’ -സുനിത കൂട്ടിച്ചേർത്തു.
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ റെയ്ഡ് ചെയ്തു, രാജ്യസഭ എം.പി സഞ്ജയ് സിങ്, മുൻ ആരോഗ്യ മന്ത്രി സത്യാന്ദേർ ജെയ്ൻ എന്നിവരെയെല്ലാം റെയ്ഡ് ചെയ്തിട്ടും ഒരു നയാ പൈസപോലും കണ്ടെടുക്കാനായില്ല. ഞങ്ങളുടെ വീടുകളിൽ ഉൾപ്പെടെ റെയ്ഡ് നടത്തിയിട്ടും 73,000 രൂപ മാത്രമാണ് കണ്ടെടുക്കാനായത്. മദ്യനയ അഴിമതിയിലൂടെ ലഭിച്ചെന്ന് പറയപ്പെടുന്ന ഈ പണമെല്ലാം പിന്നെ എവിടെ പോയി. കെജ്രിവാൾ എല്ലാ കാര്യങ്ങളും കോടതിയിൽ തുറന്നുപറയുമെന്നും സുനിത വ്യക്തമാക്കി. ഈമാസം 21നാണ് കെജ്രിവാളിനെ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.