ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് തള്ളി. ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി കെജ്രിവാളിനെതിരെ ഉന്നയിച്ച കുറ്റാരോപണങ്ങളെല്ലാം മുഖവിലക്കെടുത്തും കെജ്രിവാളിന്റെ വാദങ്ങളും തെളിവുകളും തള്ളിയുമാണ് ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ വിധി.
അറസ്റ്റ് പൊതുതെരഞ്ഞെടുപ്പ് വേളയിലായതും കെജ്രിവാളിനെതിരെ മൊഴി നൽകിയ മാപ്പുസാക്ഷികൾ ബി.ജെ.പിക്കായി ഇലക്ടറൽ ബോണ്ട് വാങ്ങിയതും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർക്ക് ടിക്കറ്റ് നൽകിയതും കോടതിക്ക് വിഷയമല്ലെന്ന് ജസ്റ്റിസ് ശർമ വിധിയിൽ വ്യക്തമാക്കി. അന്വേഷണം എങ്ങനെ നടത്തണമെന്ന് പ്രതിയായ കെജ്രിവാളല്ല, അന്വേഷണ ഏജൻസിയായ ഇ.ഡിയാണ് തീരുമാനിക്കുകയെന്നും ജഡ്ജി വിധിയിൽ ഓർമിപ്പിച്ചു. മാർച്ച് 21ന് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ മോചന നീക്കങ്ങൾക്ക് തിരിച്ചടിയായ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
‘തെരഞ്ഞെടുപ്പും ടിക്കറ്റും ഇലക്ടറൽ ബോണ്ടും നോക്കേണ്ട കാര്യമില്ല’
തെരഞ്ഞെടുപ്പ് വേളയിൽ, തന്നെ രാഷ്ട്രീയമായി തകർക്കാനുണ്ടാക്കിയ അറസ്റ്റാണെന്ന കെജ്രിവാളിന്റെ വാദം ജഡ്ജി തള്ളി. കെജ്രിവാൾ അറസ്റ്റിലായത് അനധികൃത പണമിടപാട് കേസിലാണ്. കോടതിക്ക് അദ്ദേഹത്തിന്റെ അറസ്റ്റും റിമാൻഡും നിയമപ്രകാരം നോക്കേണ്ട ബാധ്യത മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് നോക്കേണ്ട കാര്യം കോടതിക്കില്ല. അറസ്റ്റിന്റെ സമയം ചോദ്യം ചെയ്യുന്നത് നിലനിൽക്കില്ല.
മാപ്പുസാക്ഷികളുടെ ബി.ജെ.പി ബന്ധം കാരണം അവരുടെ മൊഴി മുഖവിലക്കെടുക്കരുത് എന്ന കെജ്രിവാളിന്റെ സുപ്രധാന വാദവും കോടതി തള്ളി. കെജ്രിവാളിനെതിരെ മൊഴി നൽകിയ മാപ്പുസാക്ഷികളെ ജയിലിൽ നിന്ന് വിട്ടയച്ചതും അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയതും മാപ്പുസാക്ഷി ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയതും ജഡ്ജി പരിഗണിച്ചില്ല.
കൂറുമാറിയ മാപ്പു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത് ഇ.ഡി അല്ല, കോടതിയാണ്. മാപ്പുസാക്ഷികൾക്ക് ആരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയതെന്നും അവരിൽ ആരൊക്കെയാണ് ഇലക്ടറൽ ബോണ്ട് വാങ്ങിയതെന്നും നോക്കേണ്ട കാര്യം കോടതിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.
‘മൊഴികളിലെ പ്രശ്നങ്ങൾ വിചാരണയിൽ പറഞ്ഞാൽ മതി’
മാപ്പുസാക്ഷികളുടെ മൊഴിയെ അധിക്ഷേപിക്കുന്നത് കോടതി നടപടിയോടുള്ള അധിക്ഷേപമാണെന്ന് ജഡ്ജി പറഞ്ഞു. മാപ്പുസാക്ഷിയുടെ മൊഴിയുമായി ബന്ധപ്പെട്ട നിയമം കേവലം ഒരു വർഷം മുമ്പുള്ളതല്ല. 100 വർഷം പഴക്കമുള്ളതാണ്. ഈ നിയമമുണ്ടാക്കിയത് കെജ്രിവാളിനെ കുടുക്കാനാണെന്ന രീതിയിലെടുക്കേണ്ടെന്നും ജഡ്ജി കൂട്ടിച്ചേർത്തു. മാപ്പുസാക്ഷികൾ നേരത്തെ നൽകിയ മൊഴികളിൽ കെജ്രിവാളിന്റെ പേരില്ലാത്തതും അവ ഇ.ഡി കോടതിയിൽ ഹാജരാക്കാതിരുന്നതും മാപ്പുസാക്ഷികളെ ഭയപ്പെടുത്തി മൊഴി നൽകിച്ചതാണെന്ന വാദവും കോടതി മുഖവിലക്കെടുത്തില്ല.
‘ഇ.ഡിയുടെ രേഖകളും മൊഴികളും കുറ്റകൃത്യം വെളിപ്പെടുത്തുന്നു’
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ശേഖരിച്ച രേഖകൾ കെജ്രിവാൾ ഗൂഢാലോചന നടത്തിയെന്നും മദ്യനയത്തിൽ അദ്ദേഹം പങ്കാളിയായെന്നും അതുവഴി കുറ്റകൃത്യം ചെയ്തുവെന്നും വെളിപ്പെടുത്തുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിനാവശ്യമായ രേഖകളും മാപ്പുസാക്ഷികളുടെ മൊഴികളും ഗോവ തെരഞ്ഞെടുപ്പിന് കെജ്രിവാൾ പണം നൽകിയെന്ന ആപ് സ്ഥാനാർഥികളുടെ മൊഴികളും ഇ.ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മദ്യനയമുണ്ടാക്കുന്നതിലും കൈക്കൂലി ആവശ്യപ്പെടുന്നതിലും വ്യക്തിപരമായും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ എന്ന നിലയിലും കെജ്രിവാൾ ഉൾപ്പെട്ടതായി ഇ.ഡി ആരോപിച്ചിട്ടുണ്ടെന്ന് ജഡ്ജി തുടർന്നു. കസ്റ്റഡിയിൽ കെജ്രിവാളിനെ വിട്ടുകൊടുത്തുള്ള മജിസ്ട്രേറ്റ് ഉത്തരവും യുക്തിസഹമായിരുന്നു. പങ്കജ് ബൽസൽ കേസിലെ വിധി പ്രകാരമുള്ള നടപടി ക്രമങ്ങൾ ഇ.ഡി പാലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.