മുംബൈ: രണ്ടാം തരംഗമായി രാജ്യത്ത് കോവിഡ് തകർത്തുകുതിക്കുേമ്പാൾ വിവാദം വാക്സിനെ ചൊല്ലി. ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാൽ ചില സംസ്ഥാനങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്ന വാർത്തക്കു പിന്നാലെയാണ് മതിയായ അളവിൽ വാക്സിൻ രാജ്യത്തില്ലെന്ന വാർത്തക്ക് പ്രചാരമേറുന്നത്. എന്നാൽ, 5.5 ദിവസത്തേക്ക് എല്ലാ സംസ്ഥാനങ്ങളിലും നൽകാൻ വാക്സിൻ ഉണ്ടെന്ന് കേന്ദ്രം പറയുന്നു. ഒരാഴ്ചത്തേക്കുകൂടിയുള്ളവ വിതരണത്തിനായി സജ്ജവുമാണ്.
അതേ സമയം, ആന്ധ്ര പ്രദേശ്, ഒഡിഷ, ബിഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്സിൻ ഇത്രയും ദിവസത്തേക്ക് ഇല്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ആന്ധ്രയിലും ബിഹാറിലും രണ്ടു ദിവസത്തേക്കു കൂടി തികച്ചില്ലെന്നാണ് സൂചന. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിനു മുകളിലുള്ള മഹാരാഷ്ട്രയിൽ പക്ഷേ, ആവശ്യത്തിനില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാനത്തുമാത്രം 100 വാക്സിൻ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അടച്ചുപൂട്ടിയിരുന്നു. ഗോണ്ടിയ, അകോല, യവറ്റമൽഏ ബുൽഡാന തുടങ്ങിയ ജില്ലകളിൽ ഒരു ദിവസത്തേക്ക് കൂടി വാക്സിൻ സ്റ്റോക്കില്ലെന്ന് റിപ്പോർട്ട് പറയുന്നു. വൈറസ് ബാധ അത്രക്ക് ഗുരുതരമല്ലാത്ത മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾക്ക് മഹാരാഷ്ട്രയെക്കാൾ കൂടുതൽ വാക്സിൻ നൽകിയതായും ആരോപണമുണ്ട്.
പ്രതിദിനം 36 ലക്ഷം പേരിലാണ് രാജ്യത്ത് കുത്തിവെപ്പ് നൽകുന്നത്. ഇതുവരെയായി ഒമ്പതു കോടിയിലേറെ പേർ വാക്സിനെടുത്തിട്ടുണ്ട്.
നിലവിൽ 1.96 കോടി വാക്സിനുകളാണ് സ്റ്റോക്കുള്ളത്. നാലു കോടിയിലേറെ വിതരണത്തിനൊരുങ്ങിയതായി േകന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറയുന്നു. വിവിധ സംസ്ഥാനങ്ങൾ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് വ്യാഴാഴ്ച മന്ത്രിയുടെ വിശദീകരണം. ഒരാഴ്ചത്തേക്ക് 40 ലക്ഷം ഡോസ് അനുവദിക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടു കഴിഞ്ഞു.
ആറു കോടിയിലേറെ വാക്സിനുകൾ ഇതിനകം വിദേശത്തേക്ക് കയറ്റി അയച്ച ഇന്ത്യ മൊത്തം 200 കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. കൊവാക്സ് വാക്സിന്റെ പ്രധാന നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇവയിലേറെയും നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.