'നാട് പ്രളയത്തിൽ മുങ്ങുമ്പോഴും രാജകീയ വിരുന്നൊരുക്കുന്ന തിരക്കിൽ'; അസം മുഖ്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ്

ഗുവാഹത്തി: നാട് പ്രളയത്തിൽ മുങ്ങുമ്പോഴും വിമത ശിവസേന എം.എൽ.എമാർക്ക് രാജകീയ വിരുന്ന് ഒരുക്കുന്ന തിരക്കിലാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെന്ന് കോൺഗ്രസ്. സേനയുടെ 40 വിമത എം.എൽ.എമാർക്ക് താമസമൊരുക്കിയ ഹോട്ടലിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങി വരുന്നതിന്‍റെ ചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

വിമത എം.എൽ.എമാരുമായി സൂറത്തിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന ഏകനാഥ് ഷിൻഡെ ഗുവാഹത്തിയിലെ ഗോട്ടാനഗർ ഏരിയയിലെ റാഡിസൺ ബ്ലൂവിലേക്ക് പോയിരുന്നു. സാധാരണ സന്ദർശനമാണെന്നാണ് ഗുജറാത്തിൽ നിന്ന് അസമിലേക്ക് താവളം മാറ്റുമ്പോൾ ഷിൻഡെ പറഞ്ഞത്.

എന്നാൽ, മഹാരാഷ്ട്രയിലെ എൻ.സി.പി-കോൺഗ്രസ്- ശിവസേന സഖ്യം തകർക്കുന്നതിന്‍റെയും ബി.ജെ.പിയുമായി പുതിയ സഖ്യത്തിൽ ഏർപ്പെടുന്നതിന്‍റെയും ഭാഗമായാണ് ഷിൻഡെക്കും സംഘത്തിനും ബി.ജെ.പി സർക്കാർ ഗുവാഹത്തിയിൽ താമസമൊരുക്കിയത്. അസം കനത്ത മഴയിലും പ്രളയത്തിലും മുങ്ങുന്നതിനിടെ ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തിന് ഹിമന്ത ബിശ്വ ശർമ മുൻതൂക്കം കൊടുക്കുന്നതിനെയാണ് പ്രതിപക്ഷം നിശിതമായി വിമർശിച്ചത്.

60 വർഷത്തിനിടെ ഏറ്റവും കനത്ത മഴയാണ് അസമിൽ രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽ ഇതുവരെ 89 പേർ മരണപ്പെടുകയും 514 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.56 ലക്ഷം പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തു. ദുരന്തബാധിതരുടെ എണ്ണം 50 ല‍ക്ഷം കടന്നു.

Tags:    
News Summary - As flood ravages Assam, state Congress slams Himanta Sarma for providing royal hospitality to Maha MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.